കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയെങ്കിലും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന നിലപാടുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി രംഗത്തെത്തിയത് രാഷ്ട്രീയപ്പോരിന് വഴിതുറന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ജനവിധി കൊള്ളയടിക്കപ്പെട്ടെന്നും തന്റെ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് മമതയുടെ വാദം. രാജി കത്ത് നൽകില്ലെന്നും കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ വ്യക്തമാക്കി. ഏകദേശം നൂറോളം സീറ്റുകൾ ബിജെപി മോഷ്ടിച്ചതാണെന്നും മമത ആരോപിച്ചു.
കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ചാണ് ബിജെപിക്ക് വിജയം ഒരുക്കിയതെന്ന് മമത ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമല്ലെന്നും ഏകകക്ഷി ഭരണം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. തന്റെ യഥാർത്ഥ പോരാട്ടം ബിജെപിയോടല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനോടായിരുന്നുവെന്നും മമത പറഞ്ഞു. മഹാരാഷ്ട്രയിലും ബിഹാറിലും ഹരിയാനയിലും ചെയ്തതുപോലെ ബംഗാളിലും ജനവിധി മോഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും അവർ ആവർത്തിച്ചു.
ബംഗാളിലെ നിലവിലെ സാഹചര്യം പരിശോധിച്ചാൽ, തൃണമൂൽ കോൺഗ്രസിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു. മമത രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ഗവർണർക്ക് ഔദ്യോഗികമായി സീറ്റുകളുടെ എണ്ണം പരിശോധിക്കാനും വിശ്വാസം പിൻവലിക്കാനുമുള്ള നടപടികളിലേക്ക് കടക്കാം. ഭരണഘടനാപരമായ ഭൂരിപക്ഷമില്ലാതെ മമതയ്ക്ക് അധികാരത്തിൽ തുടരാനാവില്ല എന്നതാണ് വസ്തുത. നിയമസഭയുടെ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം മാത്രമേ ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ സാധിക്കൂ. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരികയും നിലവിലെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാകുകയും ചെയ്താൽ മുഖ്യമന്ത്രി സ്വമേധയാ രാജിവെച്ച് മന്ത്രിസഭ പിരിച്ചുവിടാൻ ഗവർണറോട് ശുപാർശ ചെയ്യണം.