ഫുജൈറ: യുഎഇയുടെ കിഴക്കൻ തീരമായ ഫുജൈറ വഴി എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈൻ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ നീക്കം. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിലുൾപ്പെടെ നിർണായകമാവുന്നതാണ് യുഎഇയുടെ ഈ നീക്കം. പ്രതിദിനം പതിനഞ്ച് ലക്ഷം ബാരൽ എണ്ണ എത്തിക്കാൻ ശേഷിയുള്ളതാണ് ഈ പൈപ്പ് ലൈൻ.
ഹോർമുസിനെ ആശ്രയിക്കാതെ നേരിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എണ്ണ എത്തിക്കാൻ കഴിയുന്ന ഫുജൈറയുടെ തന്ത്രപ്രധാനമായ സ്ഥാനം വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം മൂലം പ്രാദേശിക സാഹചര്യം കലുഷിതമായ സാഹചര്യത്തിലാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈൻ എന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (അഡ്നോക്) നിർദ്ദേശം നൽകിയത്.
ഹബ്ഷാൻ എണ്ണപ്പാടത്തുനിന്ന് ഫുജൈറയിലേക്കുള്ള എണ്ണ പൈപ്പ് ലൈൻ ഫുജൈറ തുറമുഖത്തെത്തുന്നതോടെ ഒമാൻ കടൽ വഴി കയറ്റുമതിക്ക് തടസ്സങ്ങളില്ല. നിലവിലെ കരാറുകളനുസരിച്ച് ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് കയറ്റുമതി എത്തും. 2008 ൽ നിർമ്മാണം തുടങ്ങിയ 48 ഇഞ്ച് കൂറ്റൻ പൈപ്പ് ലൈനിന് 360 കിലോമീറ്റർ നീളമുണ്ട്. പ്രതിദിനം പതിനഞ്ചു ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യാൻ ഇതിന് ശേഷിയുണ്ട്. ഒപെക് വിട്ട ശേഷം എണ്ണ ഉൽപ്പാദനം പ്രതിദിനം അൻപത് ലക്ഷം ബാരൽ ആക്കാനാണ് യുഎഇയുടെ പദ്ധതി.