അമ്പലപ്പുഴ: സംസ്ഥാന മന്ത്രിസഭയുടെ വകുപ്പ് വിഭജനത്തിൽ പ്രതിഷേധവുമായി അഖില കേരള ധീവരസഭ രംഗത്ത്. ഫിഷറീസ് വകുപ്പ് ഘടകകക്ഷികൾക്ക് കൈമാറുന്നതിനെതിരെയാണ് ധീവരസഭയുടെ പ്രതിഷേധം. ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ കൈവശം വെക്കണമെന്നും ധീവരസഭ ജനറൽ സെക്രട്ടറി ദിനകരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേരളമെമ്പാടുമുള്ള തീരദേശത്തിന്റെയും മത്സ്യസമ്പത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യത്തിന് വിരുദ്ധമാണ് ഫിഷറീസ് വകുപ്പ് ഘടകകക്ഷികൾക്ക് കൈമാറാനുള്ള നീക്കം. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ അത് തീരദേശത്തെയും മത്സ്യമേഖലയെയും പിന്നോട്ടടിക്കും. ഫിഷറീസ് വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കാതെ ഘടകകക്ഷികൾക്ക് കൈമാറിയാൽ ധീവരസഭ നാളത്തെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും. അതിനുശേഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് നീങ്ങാനാണ് ധീവരസഭയുടെ തീരുമാനം. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് കൈമാറാനുള്ള നീക്കം കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ദിനകരൻ പ്രസ്താവനയുമായി രംഗത്തെത്തിയത്.
മത്സ്യമേഖലയിൽ നിന്നും മന്ത്രിമാർ ഇല്ലാത്ത സാഹചര്യത്തിൽ ഫിഷറീസ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു. ഏതെങ്കിലും ഘടകകക്ഷികൾക്ക് നൽകാനാണ് തീരുമാനമെങ്കിൽ ധീവരസഭ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കുകയും പ്രതിഷേധ ദിനമായി ആചരിക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും എംഎൽഎയും മന്ത്രിയും ഇല്ലാത്ത സാഹചര്യം ഉണ്ടാക്കിയതിനു ശേഷം ആ മേഖലയുമായി ബന്ധപ്പെട്ട വകുപ്പ് ഘടകകക്ഷിക്കുകൊടുക്കാനുള്ള നീക്കം ദ്രോഹകരമാണ്. ധീവരസഭയുടെയും ലത്തീൻ സഭയുടെയും പ്രതിഷേധത്തെ മറികടന്ന് ഈ വകുപ്പ് നൽകാനാണ് തീരുമാനമെങ്കിൽ സംയുക്തമായി സമര രംഗത്തേക്ക് ഇറങ്ങിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.