ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ കൂടുതൽ സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘രുദ്രം-II’ (RudraM-II) വായുവില് നിന്ന് ഉപരിതലത്തിലേക്ക് തൊടുക്കാവുന്ന മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO) ഇന്ത്യൻ വ്യോമസേനയും (IAF) സംയുക്തമായാണ് യുദ്ധവിമാനത്തിൽ നിന്ന് മിസൈൽ പരീക്ഷിച്ചത്. അതിവേഗത്തിലുള്ളതും സങ്കീർണ്ണവുമായ സാഹചര്യങ്ങളിൽ വിക്ഷേപിച്ച മിസൈൽ, കൃത്യമായ പാതയിലൂടെ സഞ്ചരിച്ച് എല്ലാ സബ്സിസ്റ്റങ്ങളുടെയും മികച്ച ശേഷി തെളിയിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) സജ്ജീകരിച്ചിരുന്ന നിരീക്ഷണ സംവിധാനങ്ങൾ പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും പൂർണ്ണമായി കൈവരിച്ചതായി സ്ഥിരീകരിച്ചു.
ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്രാത്ത് (RCI) എന്ന ഡി.ആർ.ഡി.ഒ ലാബോറട്ടറിയുടെ നേതൃത്വത്തിൽ മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്നാണ് രുദ്രം-II രൂപകൽപ്പന ചെയ്തത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഉൾപ്പെടെയുള്ള പ്രതിരോധ-വ്യവസായ പങ്കാളികളും ഈ പദ്ധതിയിൽ നിർണ്ണായക പങ്ക് വഹിച്ചു. ഈ വിജയത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഡി.ആർ.ഡി.ഒ ചെയർമാൻ സമീർ വി. കാമത്തും ബന്ധപ്പെട്ടവരെ അഭിനന്ദിച്ചു. അത്യാധുനിക ആയുധ സംവിധാനങ്ങളിൽ ഇന്ത്യ കൈവരിക്കുന്ന സാങ്കേതിക വളർച്ചയുടെ തെളിവാണ് ഈ പരീക്ഷണമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ശബ്ദത്തേക്കാൾ 5.5 മടങ്ങ് വേഗതയിൽ (Mach 5.5) സഞ്ചരിക്കാൻ ശേഷിയുള്ള ഈ മിസൈലിന് ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ശത്രുലക്ഷ്യങ്ങളെ തകർക്കാനാകും. 200 കിലോഗ്രാം ഭാരമുള്ള യുദ്ധമുന വഹിക്കാൻ ശേഷിയുള്ള മിസൈൽ, സുഖോയ്-30 എം.കെ.ഐ (Su-30MKI) പോർവിമാനങ്ങളിൽ നിന്ന് 3 കിലോമീറ്റർ മുതൽ 15 കിലോമീറ്റർ വരെ ഉയരത്തിൽ വെച്ച് പ്രയോഗിക്കാം. നിലവിൽ വ്യോമസേന ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത ‘Kh-31’ ആന്റി-റേഡിയേഷൻ മിസൈലുകൾക്ക് പകരമായി രുദ്രം-II സേനയുടെ ഭാഗമാകും. ശത്രുക്കളുടെ റഡാറുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും തകർക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ മിസൈലിൽ ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം (INS), ജി.പി.എസ്, പാസീവ് ഹോമിങ് സീക്കർ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിയിട്ടുണ്ട്.