തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ (എ.ജി) നിയമനം സംബന്ധിച്ച ചർച്ചകൾ കോൺഗ്രസ് കേന്ദ്രങ്ങളിൽ സജീവമായി നടക്കുന്നു. കേരള ഹൈക്കോടതിയിലെ നാല് പ്രമുഖ അഭിഭാഷകരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരെയാണ് സാധാരണയായി ഈ തന്ത്രപ്രധാനമായ പദവിയിലേക്ക് നിയമിക്കാറുള്ളത്. അതിനാൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നത് നിയമനത്തിൽ നിർണ്ണായകമാകും.
ജോർജ് പൂന്തോട്ടം, എസ്. ശ്രീകുമാർ, ജാജു ബാബു, അസിഫ് അലി എന്നിവരാണ് പരിഗണനയിലുള്ള പ്രധാനികൾ. പിണറായി വിജയൻ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ പല കേസുകളിലും ഹർജിക്കാർക്ക് വേണ്ടി ഹാജരായത് ജോർജ് പൂന്തോട്ടമാണ്. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പിന്തുണ ഇദ്ദേഹത്തിനുണ്ട്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാവുകയാണെങ്കിൽ എസ്.ശ്രീകുമാറിനാണ് കൂടുതൽ സാധ്യത. സി.ബി.ഐ അഭിഭാഷകനായിരുന്ന ഇദ്ദേഹം സോളാർ ഉൾപ്പെടെയുള്ള കേസുകളിൽ കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ഹാജരായിട്ടുണ്ട്. വി.ഡി. സതീശനുമായുള്ള അടുത്ത ബന്ധമാണ് ജാജു ബാബുവിന്റെ സാധ്യത വർദ്ധിപ്പിക്കുന്നത്. ശക്തമായ കോൺഗ്രസ് പശ്ചാത്തലമാണ് അസിഫ് അലിയുടെ കരുത്ത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തസ്തികകളിലേക്കുള്ള നിയമനം നടക്കും. ഇവർക്ക് പുറമെ പരമേശ്വരൻ നായർ, രാജു ജോസഫ്, സന്തോഷ് മാത്യു എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്.