തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ നഗരസഭ പൊളിച്ചു നീക്കി. കോർപ്പറേഷൻ സ്പെഷ്യൽ സ്ക്വാഡ് എത്തിയാണ് കയ്യേറ്റം പൊളിച്ച് മാറ്റിയത്. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നിർമിച്ച കെട്ടിടങ്ങളിലേക്കുള്ള വഴിയടക്കം തടസ്സപ്പെടുത്തിയായിരുന്നു അനധികൃത നിർമ്മാണം. ബുൾഡോസർ ഉപയോഗിച്ചാണ് അനധികൃത കെട്ടിടങ്ങൾ തകർത്തത്. ഇറച്ചിക്കട അടക്കമുള്ളവ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ ദിവസം മേയറും സംഘവും പാളയം മാർക്കറ്റിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കോർപ്പറേഷനിലെ രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം അടിയന്തരമായി നടപടി കൈക്കൊള്ളുകയായിരുന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഞായറാഴ്ചയായിരുന്നിട്ടും സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ രാവിലെ തന്നെ ഓഫീസിലെത്തി.
വർഷങ്ങളായി പ്രാദേശത്തെ ചില സംഘങ്ങൾ കയ്യൂക്ക് കൊണ്ട് മാർക്കറ്റ് കൈവശം വെച്ചിരിക്കുകയായിരുന്നു എന്ന് മേയർ പറഞ്ഞു. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കടകൾ ദിവസം 3,000 രൂപ വരെ വാടകയ്ക്കാണ് നൽകിയിരുന്നത്. ബിനാമി പേരുകളിലാണ് ഇടപാട് നടന്നിരുന്നത്. ഗുരുതരമായ ക്രമക്കേടാണ് നടന്നതെന്ന് മേയർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാർക്കറ്റ് കേന്ദ്രീകരിച്ച് നടന്നിരുന്ന അനധികൃത പണപ്പിരിവും കോർപ്പറേഷൻ അവസാനിപ്പിച്ചിരുന്നു. 45 വർഷമായി കച്ചവടക്കാരിൽ നിന്ന് ഗുണ്ടാസംഘം പണം പിരിക്കുന്നുണ്ടായിരുന്നു. മുൻ ഭരണസമിതികളുടെ ഒത്താശയോടെയായിരുന്നു പ്രാദേശിക സംഘങ്ങളുടെ പ്രവർത്തനം. അനധികൃത നിർമാണങ്ങളോട് സന്ധിയില്ലെന്നും ഉടനടി നടപടിയുണ്ടാകുമെന്നും മേയർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡെപ്യൂട്ടി മേയറും, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പെടുന്നവരുടെ നേതൃത്വത്തിൽ കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള നടപടികൾ തുടരുമെന്ന് മേയർ അറിയിച്ചു.