കൊച്ചി: പാറയത്തുകാവ് പട്ടികജാതി കോളനിയിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ സംസ്ഥാന സർക്കാരിനെതിരെ സി.പി.ഐ.എം നേതാക്കൾ രംഗത്ത്. എം.വി. ജയരാജനും എം.വി. ഗോവിന്ദനുമാണ് യു.ഡി.എഫ് സർക്കാരിനെതിരെ വിമർശനവുമായി എത്തിയത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കകം പൊലീസ് അക്രമകാരികളായി മാറിയെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
പാർട്ടി നേരിട്ട തിരിച്ചടികളെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും എം.വി. ജയരാജൻ വിശദീകരിച്ചു. ജീവനുള്ള പാർട്ടിയായതുകൊണ്ട് വിമർശനങ്ങൾ ഉണ്ടാകും. ഇതിനേക്കാൾ വലിയ പരാജയത്തിൽ നിന്ന് പാർട്ടി തിരിച്ചുവന്നിട്ടുണ്ട്. ഏതെങ്കിലും ഒരു വ്യക്തിക്കല്ല, പാർട്ടിക്കാണ് പരാജയം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസമാകുമ്പോഴാണ് പാറയത്തുകാവിലെ ഈ അതിക്രമം നടന്നതെന്നും, യു.ഡി.എഫിന്റെ പൊലീസ് നയം ഇതിൽനിന്നും വ്യക്തമാണെന്നും അദ്ദേഹം വിമർശിച്ചു. പതിറ്റാണ്ടുകളായി താമസിക്കുന്ന എട്ട് കുടുംബങ്ങളെ കോടതി ഉത്തരവിന്റെ പേര് പറഞ്ഞ് ഒഴിപ്പിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. വീടുകളിൽ കയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന രീതിയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് എം.വി. ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്ന ഘട്ടത്തിൽ 14 തവണ പൊലീസ് ഇവിടെ വന്നിട്ടുണ്ടെങ്കിലും യാതൊരു അക്രമവും ഉണ്ടായിരുന്നില്ല. എന്നാൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി 48 മണിക്കൂറുകൾ കഴിയുമ്പോഴേക്കും പൊലീസ് അക്രമകാരികളായി പാവപ്പെട്ടവരെ ആക്രമിക്കുന്ന സ്ഥിതിയാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കാൻ എത്തിയ സി.പി.ഐ.എം ഏരിയ സെക്രട്ടറിയെയും മറ്റ് പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുന്നതിനാണ് പൊലീസ് തയ്യാറായത്. മാത്രമല്ല, ഇവിടുത്തെ അക്രമം പുറംലോകത്തെ അറിയിച്ച മാധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭരണത്തിന്റെ തണലിൽ പട്ടികജാതി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പാവങ്ങൾക്ക് നേരെയുള്ള അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.