ന്യൂഡൽഹി: ഈ മാസം മൂന്നിന് നടന്ന നീറ്റ് – യുജി പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) റദ്ദാക്കിയത് നീറ്റ് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചുവെന്ന ബോധ്യത്തിൽ. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ശൃംഖലയിലൂടെയാണ് നീറ്റ് ചോദ്യപേപ്പർ ചോർന്നതെന്നാണ് കണ്ടെത്തൽ. ഇതോടെ കേരളത്തിലടക്കമുള്ള 24 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയ്ക്ക് ഹാജരാകേണ്ടിവരുമെന്ന സാഹചര്യമാണുള്ളത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചുവെന്ന ആരോപണത്തിൽ നടന്ന അന്വേഷണത്തിൽ ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്നും അന്വേഷണ ഏജൻസികളിൽ നിന്നുമുള്ള വിവരങ്ങൾ പ്രകാരമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി കടുത്ത തീരുമാനത്തിൽ എത്തിയത്. സമഗ്രമായ അന്വേഷണത്തിനായി കേന്ദ്രം വിഷയം കേന്ദ്ര അന്വേഷണ ബ്യൂറോക്ക് (സിബിഐ) കൈമാറിക്കഴിഞ്ഞു. കർശനമായ സുരക്ഷാ ക്രമീകരണങ്ങളിലാണ് പരീക്ഷ നടത്തിയതെന്ന എൻടിഎയുടെ വാദത്തിനിടെയാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത്. ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷ ഇന്ത്യയിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര കേന്ദ്രങ്ങളിലുമായി 24 ലക്ഷത്തിലധികം വിദ്യാർഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് – യുജി പരീക്ഷയിൽ പങ്കെടുത്തത്. എംബിബിഎസ്, ബിഡിഎസ്, അനുബന്ധ ബിരുദ മെഡിക്കൽ കോഴ്സുകൾ എന്നിവയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയാണിത്.
പരീക്ഷ നടന്നത് കനത്ത സുരക്ഷയിലാണ്. ജിപിഎസ് സംവിധാനത്തിൻ്റെ സുരക്ഷയിലാണ് ചോദ്യപേപ്പർ എത്തിച്ചത്. ഉദ്യോഗാർഥികൾക്ക് ബയോമെട്രിക് പരിശോധന, എഐ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണം, പരീക്ഷാ കേന്ദ്രങ്ങളിൽ 5 ജി ജാമറുകളുടെ വിന്യാസം എന്നിവയടക്കമുള്ള സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ചോദ്യപേപ്പർ വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുവന്നു. മെയ് 7ന് ചോദ്യപ്പേപ്പർ ചോർന്ന വിവരം പുറത്തുവന്നു മെയ് മൂന്നിന് പരീക്ഷ നടന്നപ്പോൾ മെയ് 7ന് ചോദ്യപേപ്പർ ചോർന്നതായുള്ള വിവരം എൻടിഎയ്ക്ക് ലഭിച്ചു. മെയ് 8ന് പരിശോധനയ്ക്കായി വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് കൈമാറുകയും ചെയ്തു. അന്വേഷണം ആരംഭിച്ചപ്പോഴും പരീക്ഷാ പ്രക്രിയ സാധാരണഗതിയിൽ നടന്നിരുന്നുവെന്ന് എൻടിഎ വാദിച്ചു. എന്നാൽ, കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ കാര്യങ്ങൾ സങ്കീർണമായി.
400ലധികം ചോദ്യങ്ങളുള്ള ഒരു ചോദ്യപേപ്പർ പ്രചരിച്ചുവെന്നായിരുന്നു ആരോപണം. ഇതിൽ ഏകദേശം നൂറോളം ചോദ്യങ്ങൾ NEET-UG 2024 ചോദ്യപ്പേപ്പറുമായി പൊരുത്തപ്പെടുന്നതായിരുന്നു. ഏകദേശം 410 ചോദ്യങ്ങൾ അടങ്ങിയ ഒരു ചോദ്യപ്പേപ്പർ പ്രചരിച്ചതായും ഏകദേശം 120 ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉണ്ടായിരുന്നുവെന്നുമായിരുന്നു ആരോപണം. 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ പറഞ്ഞു. പ്രചരിച്ച ചോദ്യപേപ്പറിലെ 25 ശതമാനം ചോദ്യങ്ങൾ യഥാർഥ പരീക്ഷാ പേപ്പറുമായി പൊരുത്തപ്പെട്ടുവെന്ന മറ്റൊരു ആരോപണവും പുറത്തുവന്നു. ആരോപിക്കപ്പെടുന്നത് പോലെ നീറ്റ് ചോദ്യ ചോർച്ച എങ്ങനെയാണ് സംഭവിച്ചത്? കോച്ചിങ് കേന്ദ്രങ്ങളും ഇടനിലക്കാരും ഉൾപ്പെടുന്ന ശൃംഖലയുടെ ഇടപെടലിലാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ട്. കേരളത്തിലെ ഒരു മെഡിക്കൽ കോളജിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർഥിയാണ് യഥാർഥ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന മാതൃകാ ചോദ്യപേപ്പർ മറ്റിടങ്ങളിലേക്ക് കൈമാറിയതെന്നാണ് വിവരം. ഡൽഹി, ഹരിയാന, ആന്ധ്രാ പ്രദേശ്, ഡൽഹി, ജമ്മു കശ്മീർ, ബിഹാർ, കേരളം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പർ എത്തിയെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ? അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണെന്നും തട്ടിപ്പിന്റെ സൂത്രധാരനെന്ന് പോലീസ് ആരോപിക്കുന്ന മനീഷ് യാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായുള്ള റിപ്പോർട്ടും പുറത്തുവന്നു. പ്രചരിച്ച ചോദ്യപ്പേപ്പറും യഥാർഥ ചോദ്യപേപ്പറും തമ്മിൽ കാര്യമായ സാമ്യം ഉള്ളതായി രാജസ്ഥാൻ SOG ഡയറക്ടർ ജനറൽ ആനന്ദ് ശ്രീവാസ്തവ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുവരെ 20ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷന്റെ (ആർപിഎസ്സി) മുൻ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട പരീക്ഷാ തട്ടിപ്പ് അന്വേഷണങ്ങളിൽ ചോദ്യം ചെയ്തിട്ടുണ്ട്.