തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ നിയമസഭയിൽ ഇടതുപക്ഷത്തെ ആര് നയിക്കും എന്ന കാര്യത്തിൽ ആകാംക്ഷയേറുന്നു. നിയമസഭയിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം കാഴ്ചവെക്കാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുന്നണിയെ നയിക്കാൻ പിണറായി വിജയൻ തന്നെ വേണമെന്ന വികാരമാണ് പാർട്ടിയിലുള്ളത്. സഭയിലെ കരുത്തുറ്റ സാന്നിധ്യമായി അദ്ദേഹം മാറുന്നത് അണികൾക്കിടയിൽ ആത്മവിശ്വാസം നൽകുമെന്നും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഭരണത്തെ നയിച്ചതും മുന്നണിയെ നയിച്ചതും പിണറായി വിജയനാണ്. അങ്ങനെയാണെങ്കിൽ സ്വാഭാവികമായും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അദ്ദേഹവും തന്നെ വരണമെന്നാണ് പാർട്ടിയുടെ ആഗ്രഹം എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എൻ മോഹനൻ പറഞ്ഞു. സഭയിലെ ഏറ്റവും മുതിർന്ന അംഗം എന്ന നിലയിലും പാർട്ടിയുടെ തലമുതിർന്ന നേതാവ് എന്ന നിലയിലും ഒന്നാമത്തെ പരിഗണന അദ്ദേഹത്തിനാണ്. പിണറായി വിജയൻ നേതൃസ്ഥാനം ഏറ്റെടുക്കാൻ വൈമുഖ്യം കാണിക്കുകയാണെങ്കിൽ കേന്ദ്രകമ്മിറ്റി അംഗമായ എ.കെ ബാലനെ പരിഗണിക്കാനാണ് സാധ്യത. അദ്ദേഹത്തെ ഉപനേതാവാക്കാനുള്ള ആലോചനകളും സജീവമാണ്.
അതേസമയം ഭരണത്തിൽ നിന്ന് പ്രതിപക്ഷത്തേക്ക് മാറിയതിന്റെ സൂചനയായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക മീഡിയ ഗ്രൂപ്പുകൾ ‘ഓപ്പോസിഷൻ മീഡിയ’ എന്ന പേര് സ്വീകരിച്ചു കഴിഞ്ഞു. ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയുമായി പ്രതിപക്ഷത്തിരിക്കുമ്പോൾ പരിചയസമ്പന്നനായ ഒരു നേതാവ് തന്നെ മുന്നണിയെ നയിക്കണമെന്ന നിലപാടിലാണ് ഇടതുപക്ഷം. സജി ചെറിയാൻ, പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവരും സഭയിലെ സി.പി.ഐ.എമ്മിന്റെ കരുത്തുറ്റ മുഖങ്ങളാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. ഈ യോഗത്തിൽ പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ ഏകദേശ ധാരണയുണ്ടാകുമെന്നാണ് റിപ്പോർട്ട്. സൈബർ ഇടങ്ങളിൽ പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ ഉയരുന്ന വിമർശനങ്ങളെ എപ്രകാരം പ്രതിരോധിക്കണമെന്നതും യോഗത്തിന്റെ അജണ്ടയിലുണ്ടാകും.