ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി സഖ്യകക്ഷികൾ. സത്യപ്രതിജ്ഞാ ചടങ്ങിൽ ‘തമിഴ് തായ് വാഴ്ത്തി’ന് മുൻപായി വന്ദേമാതരം ആലപിച്ചതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന സി.പി.ഐ ഇതിനെതിരെ കടുത്ത എതിർപ്പുമായി രംഗത്തെത്തി.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിനും ദേശീയ ഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്. ഇത് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും, പ്രഥമ പരിഗണന തമിഴ് തായ് വാഴ്ത്തിന് നൽകേണ്ടതായിരുന്നുവെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും, നിയമസഭ ചേരുമ്പോൾ ഈ ചോദ്യം ഉന്നയിക്കുമെന്നും സി.പി.ഐ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് വിജയ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് മുഖ്യപ്രതിപക്ഷമായ ഡി.എം.കെ ആരോപിച്ചു.
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് എം.എൽ.എ സ്ഥാനം വിജയ് രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം സെങ്കോട്ടയ്യന് കൈമാറി. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയായുള്ള വിജയ്യുടെ ആദ്യ പ്രസംഗം. സംസ്ഥാനത്ത് സുതാര്യമായ ഭരണം ഉറപ്പാക്കുമെന്നും, അഴിമതിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി. മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ ജനപ്രിയമായ മൂന്ന് പ്രധാനപ്പെട്ട ഉത്തരവുകളിലാണ് വിജയ് ഒപ്പുവെച്ചത് സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സേന, ലഹരിക്കെതിരെ സ്ക്വാഡ്, 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിവയായിരുന്നു ആ സുപ്രധാന ഉത്തരവുകൾ. ഭരണത്തിന്റെ ആദ്യദിനം തന്നെ സുപ്രധാന തീരുമാനങ്ങൾ എടുത്ത് വിജയ്ക്ക് ജനശ്രദ്ധ നേടാൻ കഴിഞ്ഞെങ്കിലും, വന്ദേമാതരം വിവാദം വരും ദിവസങ്ങളിൽ തമിഴക രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാനാണ് സാധ്യത.