ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തരംഗം സൃഷ്ടിച്ചിട്ടും കേവലഭൂരിപക്ഷത്തിലേക്ക് എത്താനാകാതെ ദളപതി വിജയുടെ തമിഴക വെട്രി കഴകം. ടിവികെ ആകെ 108 സീറ്റുകളാണ് നേടിയത്. കേവല ഭൂരിപക്ഷം തികച്ച് മുഖ്യമന്ത്രി കസേരയിലെത്താൻ ഇരുമുന്നണികളിലെയും വിവിധ പാർട്ടികളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് വിജയ്. ഇതിന്റെ ഭാഗമായി കോൺഗ്രസുമായി ചർച്ചകൾ ആരംഭിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയെങ്കിലും പിന്തുണ വിജയ്ക്ക് അനിവാര്യമാണ്. ടിവികെയുമായി സഖ്യത്തിന് തുടക്കം മുതൽ തന്നെ താല്പര്യം പ്രകടിപ്പിച്ചിരുന്ന കോൺഗ്രസിനാണ് നിലവിൽ പ്രഥമ പരിഗണന. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി 28 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. തമിഴ്നാട്ടിൽ സാധാരണഗതിയിൽ ലഭിക്കാൻ സാധ്യതയില്ലാത്ത മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താൽ കോൺഗ്രസ് ടിവികെ സഖ്യത്തിലേക്ക് വന്നേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഡിഎംകെ, എഡിഎംകെ സഖ്യങ്ങളിലെ മറ്റ് പാർട്ടികളെയും TVK ലക്ഷ്യമിടുന്നുണ്ട്. മുസ്ലീം ലീഗ്, വിടുതലൈ സിറുത്തൈകൾ കക്ഷി എന്നീ കക്ഷികളെയും ടിവികെ പരിഗണിക്കുന്നു. ഇരു പാർട്ടികൾക്കും രണ്ട് സീറ്റുകൾ വീതമാണുള്ളത്. അണ്ണാ ഡിഎംകെ മുന്നണിയിലുള്ള പാട്ടാളി മക്കൾ കക്ഷിയുടെ പിന്തുണയും വിജയ് തേടുന്നുണ്ട്. പിഎംകെ ഈ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ വിജയിച്ചിരുന്നു. എഡിഎംകെക്ക് 47 സീറ്റുകളുണ്ട്. അവരുമായി കൈകോർത്താൽ അധികാരത്തിലെത്താനും സുസ്ഥിരമായ ഭരണം കാഴ്ചവയ്ക്കാനും സാധിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി എഡിഎംകെ അവകാശവാദം ഉന്നയിച്ചേക്കാം. ഈ വിഷയത്തിൽ വിജയ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നത് ചോദ്യമാണ്. നേരത്തെ 90 സീറ്റുകളും മുഖ്യമന്ത്രി സ്ഥാനവും വിജയ് ആവശ്യപ്പെട്ടെങ്കിലും എഡിഎംകെ വഴങ്ങിയില്ല. നിലവിലെ സാഹചര്യത്തിൽ ഭരണം പിടിക്കാൻ വിജയ് ഏതൊക്കെ പാർട്ടികളെ ഒപ്പം കൂട്ടുമെന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായകമാണ്. വരും ദിവസങ്ങളിൽ സഖ്യ ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് കരുതുന്നു.