തമിഴ്നാട്: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ പോളിങ് രേഖപ്പെടുത്തി. വൈകീട്ട് ആറ് മണി വരെയുള്ള കണക്കുകൾ പ്രകാരം 84.35 ശതമാനം പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പോളിങ് സമയം കഴിഞ്ഞിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. ഈ ആവേശം തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ എന്ന് ഏവരും ഉറ്റുനോക്കുന്നു.
2011-ൽ രേഖപ്പെടുത്തിയ 78.02 ശതമാനം പോളിംഗാണ് ഇത്തവണ മറികടന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗിൽ ആദ്യ രണ്ട് മണിക്കൂറിൽ തന്നെ 18 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഉച്ചയ്ക്ക് മുൻപ് തന്നെ സമ്മതിദാന അവകാശം വിനിയോഗിച്ചു. കാര്യമായ ഇവിഎം തകരാറുകളോ സാങ്കേതിക പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പൂർണ്ണമായും സമാധാനപരമായിരുന്നു. സുരക്ഷയ്ക്കായി 85,000 പോലീസുകാരെയും 300 കമ്പനി കേന്ദ്രസേനയേയും വിന്യസിച്ചിരുന്നു. പോളിങ് ശതമാനം ഉയർന്നത് തങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്ന് ദളപതി വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം അവകാശപ്പെടുന്നു. പോളിങ് ശതമാനത്തിൽ വലിയ കാര്യമില്ലെന്നും കഴിഞ്ഞ തവണത്തേക്കാൾ 20 ലക്ഷം വോട്ടുകൾ മാത്രമാണ് അധികമായി പോൾ ചെയ്തതെന്നും ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ പ്രതികരിച്ചു.