ന്യൂഡൽഹി: ശീതകാലത്ത് മൂടൽമഞ്ഞ് കാരണം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നതിനും റദ്ദാക്കുന്നതിനും ഇനി ശാശ്വത പരിഹാരമാകുന്നു. ഏവിയേഷൻ കാലാവസ്ഥാ പ്രവചന രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ സംയോജിത ‘സ്കൈകാസ്റ്റ് സിസ്റ്റം’ ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ചു. മൂടൽമഞ്ഞ്, കാറ്റിന്റെ ദിശാവ്യതിയാനം, അന്തരീക്ഷത്തിലെ മാറ്റങ്ങൾ എന്നിവ മുൻകൂട്ടി തിരിച്ചറിഞ്ഞ് തത്സമയ മുന്നറിയിപ്പുകൾ നൽകാൻ ശേഷിയുള്ളതാണ് ഈ അത്യാധുനിക അന്തരീക്ഷ നിരീക്ഷണ പ്ലാറ്റ്ഫോം.
ശാസ്ത്രജ്ഞരുടെ 11 വർഷത്തെ കഠിനശ്രമത്തിനൊടുവിലാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. ഇതോടെ, ഇത്തരമൊരു അത്യാധുനിക സംവിധാനമുള്ള ലോകത്തിലെ 19-ാമത്തെ രാജ്യമായി ഇന്ത്യ മാറി. നിലവിൽ ലോകമെമ്പാടുമുള്ള 18 പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളിലും മാത്രമാണ് ഈ സാങ്കേതികവിദ്യയുള്ളത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക-ഭൗമശാസ്ത്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ഡൽഹി വിമാനത്താവളത്തിൽ ഈ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ‘മിഷൻ മൗസം’ പദ്ധതിക്ക് കീഴിലാണ് സ്കൈകാസ്റ്റ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഉത്തരേന്ത്യയിലെ ശീതകാല വ്യോമയാന മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കനത്ത മൂടൽമഞ്ഞിനെ പ്രതിരോധിക്കാൻ ഇത് നിർണ്ണായക പങ്കുവഹിക്കും.
ഏകദേശം മൂന്ന് മണിക്കൂർ മുൻപ് തന്നെ പൈലറ്റുമാർക്കും എയർ ട്രാഫിക് കൺട്രോളർമാർക്കും കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ നൽകാൻ ഈ സംവിധാനത്തിന് കഴിയും. വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാനും പറന്നുയരാനും അനുയോജ്യമായ സമയം കൃത്യമായി തീരുമാനിക്കാൻ ഇത് പൈലറ്റുമാരെ സഹായിക്കും. വിവിധ അത്യാധുനിക അന്തരീക്ഷ സാങ്കേതിക വിദ്യകളെ ഒരൊറ്റ ശൃംഖലയിലേക്ക് കോർത്തിണക്കിയാണ് സ്കൈകാസ്റ്റ് പ്രവർത്തിക്കുന്നത്. റഡാർ വിൻഡ് പ്രൊഫൈലർ, മൈക്രോവേവ് പ്രൊഫൈലിംഗ് റേഡിയോമീറ്റർ, സോഡാർ, ലൈഡാർ അധിഷ്ഠിത സീലോമീറ്റർ എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രവചനങ്ങൾക്കും ദുരന്ത നിവാരണത്തിനും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താനാകും. അടുത്ത ഘട്ടമായി ഉത്തർപ്രദേശിലെ ജേവാർ വിമാനത്താവളത്തിലും പിന്നീട് രാജ്യത്തെ മറ്റ് പ്രധാന വിമാനത്താവളങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.