പാലക്കാട്: ടെലിവിഷൻ റിമോട്ട് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പന്ത്രണ്ടുകാരൻ ജീവനൊടുക്കി. തച്ചംമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രദോഷിനെ വീടിന്റെ തട്ടിൻപുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഉടൻ തന്നെ കുട്ടിയെ തച്ചംമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സഹോദരനുമായുണ്ടായ തർക്കത്തിനിടെ ടെലിവിഷൻ റിമോട്ട് ലഭിക്കാത്തതിലുള്ള മനോവിഷമമാണ് കുട്ടിയെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. മാനസിക സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. ഇത്തരം സാഹചര്യങ്ങളിൽ 1056 എന്ന നമ്പറിൽ ബന്ധപ്പെട്ട് ആശങ്കകൾ പങ്കുവെക്കാവുന്നതാണ്.