തൃശ്ശൂർ: ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം. ഇടവിട്ട് പെയ്യുന്ന മഴ കൊതുക് പെരുകാൻ അനുകൂല സാഹചര്യമൊരുക്കുന്നതിനാൽ, ഓഗസ്റ്റ് 3, 4 തീയതികളിൽ പൊതുജനങ്ങൾ സ്വന്തം നിലയിൽ പരിസര ശുചീകരണവും കൊതുക് നിർമാർജനവും ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ച സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും നിർമ്മാണ മേഖലകളിലും, ഞായറാഴ്ച വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യേക ഡ്രൈ ഡേ ആചരിക്കണം.
ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ്. വീട്ടിനകത്തും പുറത്തും കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ഫ്രിഡ്ജിന് പുറകിലെ ട്രേ, ചെടിച്ചട്ടികൾക്ക് താഴെയുള്ള പാത്രങ്ങൾ, അലങ്കാരച്ചെടികൾ വളർത്തുന്ന പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസറ്റുകൾ എന്നിവയിൽ കൂത്താടികൾ വളരുന്നില്ലെന്ന് ഉറപ്പുവരുത്തണം. വീടിനു പുറത്ത് അലക്ഷ്യമായി കിടക്കുന്ന ചിരട്ടകൾ, കുപ്പികൾ, ടയറുകൾ, ആട്ടുകല്ല്, ഉരൽ, വാഷ്ബേസിൻ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കേണ്ടതാണ്. കൂടാതെ, ടെറസ്, സൺഷെയ്ഡ്, റൂഫിന്റെ പാത്തികൾ, പ്ലാസ്റ്റിക് കവറുകൾ, ടാർപോളിൻ ഷീറ്റുകൾ എന്നിവയിൽ വെള്ളം തങ്ങിനിൽക്കുന്നില്ലെന്നും, ജലസംഭരണികളും ടാങ്കുകളും കൊതുക് കടക്കാത്ത രീതിയിൽ ഭദ്രമായി മൂടിയിട്ടുണ്ടെന്നും ഉറപ്പുവരുത്തണം.
കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രതിരോധ ലേപനങ്ങൾ ഉപയോഗിക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, ജനലുകളിലും വാതിലുകളിലും കൊതുകുവലകൾ ഘടിപ്പിക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ പൂർണ്ണമായും വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പാടില്ല. ഉറങ്ങുമ്പോൾ നിർബന്ധമായും കൊതുകുവല ഉപയോഗിക്കണം. രോഗലക്ഷണങ്ങൾ കുറയാതിരിക്കുകയോ തീവ്രമാവുകയോ ചെയ്താൽ അമാന്തിക്കാതെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി.