ബീജിങ്: ചൈനയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ ജെ-35 ന്റെ കയറ്റുമതി പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ജെ-35 എഇ എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക വിമാനത്തിന്റെ ആദ്യ ഉപഭോക്താവ് പാകിസ്താൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ചുകൊണ്ടാണ് ചൈനയുടെ ഈ നീക്കം.
ഏകദേശം 40 ജെ-35 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ പാകിസ്താൻ ലക്ഷ്യമിടുന്നു. ഇതിന്റെ മുന്നോടിയായി പാകിസ്താൻ പൈലറ്റുമാർക്കുള്ള പ്രത്യേക പരിശീലനം ചൈനയിൽ ആരംഭിച്ചു കഴിഞ്ഞു. 2026 അവസാനത്തോടെയോ 2027-ലോ ഈ വിമാനങ്ങൾ പാകിസ്താന് കൈമാറാൻ സാധ്യതയുണ്ട്. എന്നാൽ, ഈ വമ്പൻ ആയുധ ഇടപാടിനെക്കുറിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അമേരിക്കയുടെ കരുത്തുറ്റ എഫ്-35 യുദ്ധവിമാനങ്ങളോട് ആഗോള വിപണിയിൽ മത്സരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ജെ-35 സീരീസ് വികസിപ്പിക്കുന്നത്. പൂർണ്ണമായ സ്റ്റെൽത്ത് ശേഷിയുള്ള ചൈനയുടെ രണ്ടാമത്തെ വിമാനമാണിത്. പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച് ചൈനീസ് വ്യോമസേന നിലവിൽ ഉപയോഗിക്കുന്ന ജെ-35എ വിമാനത്തിന്റെ അതേ പ്രകടനമികവ് തന്നെ കയറ്റുമതി പതിപ്പായ ജെ-35എഇക്കും ഉണ്ടാകും. ഈ വിമാനത്തിന് ശബ്ദത്തേക്കാൾ 1.8 മടങ്ങ് വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ശത്രുക്കളുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ആധുനിക എഇഎസ്എ റഡാർ സംവിധാനവും, മിസൈലുകൾ ഒളിപ്പിച്ചുവെക്കാൻ കഴിയുന്ന ഇന്റേണൽ വെപ്പൺ ബേയും ഇതിന്റെ സവിശേഷതകളാണ്. ഏകദേശം 3 കോടി യുഎസ് ഡോളർ മുതൽ 8 കോടി യുഎസ് ഡോളർ വരെയാണ് ഒരു വിമാനത്തിന്റെ വിലയായി കണക്കാക്കുന്നത്. 72 മണിക്കൂറിനുള്ളിൽ ഒരു പുതിയ ജെ-35 വിമാനം നിർമ്മിക്കാൻ സാധിക്കുമെന്നാണ് ചൈനീസ് നിർമ്മാതാക്കളുടെ അവകാശവാദം.