ദേശീയം: രാജ്യത്ത് ചില്ലറ വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുന്നു. മാര്‍ച്ചില്‍ 3.40 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 3.48 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയിലാണ് നഗരങ്ങളേക്കാള്‍ കൂടുതല്‍ വിലക്കയറ്റം അനുഭവപ്പെട്ടത്. ഗ്രാമീണ മേഖലയില്‍ 3.74 ശതമാനവും നഗരങ്ങളില്‍ 3.16 ശതമാനവുമാണ് വിലക്കയറ്റം രേഖപ്പെടുത്തിയത്.
ഭക്ഷ്യവിപണിയിലെ കണക്കുകള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. തക്കാളി, കോളിഫ്ളവര്‍ എന്നിവയുടെ വില കുതിച്ചുയര്‍ന്നത് അടുക്കള ബജറ്റിനെ ബാധിച്ചു. അതേസമയം, ഉരുളക്കിഴങ്ങ്, ഉള്ളി, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ ഇടിവ് ആശ്വാസമായി. ഇതിനിടയില്‍ തേങ്ങയുടെ വില 44 ശതമാനവും സ്വര്‍ണ-വജ്ര ആഭരണങ്ങളുടെ വില 40 ശതമാനത്തിലധികവും വര്‍ധിച്ചത് വിപണിയില്‍ ചലനമുണ്ടാക്കി. വെള്ളി ആഭരണങ്ങളുടെ പണപ്പെരുപ്പം 144.34 ശതമാനം എന്ന നിലയിലേക്ക് ഉയര്‍ന്നു.
സംസ്ഥാനങ്ങള്‍ക്കിടയില്‍ പണപ്പെരുപ്പ നിരക്കില്‍ വലിയ വ്യത്യാസമുണ്ട്. തെലങ്കാനയാണ് വിലക്കയറ്റത്തില്‍ മുന്നില്‍ (5.81%). പുതുച്ചേരി, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഉയര്‍ന്ന പണപ്പെരുപ്പമുള്ള പട്ടികയിലുണ്ട്. ഡല്‍ഹിയും ഛത്തീസ്ഗഢും കുറഞ്ഞ പണപ്പെരുപ്പ നിരക്കോടെ ആശ്വാസകരമായ നിലയിലാണ്. ഭവന നിര്‍മ്മാണ മേഖലയിലും വിദ്യാഭ്യാസ സേവനങ്ങളിലും നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2027 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി പണപ്പെരുപ്പം 4.6 ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രവചനം. മെയ് മാസത്തിലെ പുതിയ കണക്കുകള്‍ ജൂണ്‍ 12-ന് പുറത്തുവിടും.