ഡൽഹി: രാജ്യത്ത് ചില്ലറ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്നു. മാർച്ചിൽ 3.40 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 3.48 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണ് ഇതിന് പ്രധാന കാരണം. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.
ഗ്രാമീണ മേഖലയിലാണ് നഗരങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം കൂടുതൽ അനുഭവപ്പെട്ടത്. ഗ്രാമീണ മേഖലയിൽ 3.74 ശതമാനവും നഗരങ്ങളിൽ 3.16 ശതമാനവുമാണ് വിലക്കയറ്റം രേഖപ്പെടുത്തിയത്. ഭക്ഷ്യവിപണിയിലെ കണക്കുകൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സമ്മിശ്ര പ്രതികരണമാണ് നൽകുന്നത്. തക്കാളി, കോളിഫ്ലവർ എന്നിവയുടെ വില കുതിച്ചുയർന്നത് അടുക്കള ബജറ്റിനെ സാരമായി ബാധിച്ചു. അതേസമയം ഉരുളക്കിഴങ്ങ്, ഉള്ളി, പയർവർഗ്ഗങ്ങൾ എന്നിവയുടെ വിലയിലുണ്ടായ ഇടിവ് ആശ്വാസമായി.
തേങ്ങയുടെ വില 44 ശതമാനവും സ്വർണ്ണ-വജ്ര ആഭരണങ്ങളുടെ വില 40 ശതമാനത്തിലധികവും വർധിച്ചത് വിപണിയിൽ ചലനമുണ്ടാക്കി. വെള്ളി ആഭരണങ്ങളുടെ പണപ്പെരുപ്പം 144.34 ശതമാനമായി ഉയർന്നു. സംസ്ഥാനങ്ങൾക്കിടയിൽ പണപ്പെരുപ്പ നിരക്കിൽ വലിയ വ്യത്യാസമുണ്ട്. തെലങ്കാനയാണ് (5.81%) വിലക്കയറ്റത്തിൽ മുന്നിൽ. പുതുച്ചേരി, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഉയർന്ന പണപ്പെരുപ്പമുണ്ട്. ഡൽഹിയും ഛത്തീസ്ഗഢും കുറഞ്ഞ പണപ്പെരുപ്പ നിരക്കോടെ ആശ്വാസകരമായ നിലയിലാണ്. ഭവന നിർമ്മാണ മേഖലയിലും വിദ്യാഭ്യാസ സേവനങ്ങളിലും നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2027 സാമ്പത്തിക വർഷത്തിൽ ശരാശരി പണപ്പെരുപ്പം 4.6 ശതമാനമായിരിക്കുമെന്നാണ് ആർബിഐയുടെ പ്രവചനം. മെയ് മാസത്തിലെ പുതിയ കണക്കുകൾ ജൂൺ 12-ന് പുറത്തുവിടും.