ജിദ്ദ: ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും സങ്കീർണ്ണമായ സാഹചര്യങ്ങൾക്കും പരിഹാരം കാണാൻ ലക്ഷ്യമിട്ട് ജിസിസി നേതാക്കളുടെ അസാധാരണ ഉച്ചകോടി ഇന്ന് ജിദ്ദയിൽ നടക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിലാണ് ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ടുള്ള ഈ നിർണായക യോഗം ചേരുന്നത്. ഉച്ചകോടിയിൽ അംഗരാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ രാജാവ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി തുടങ്ങിയവർ ഇതിനകം തന്നെ സൗദിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും സംയുക്ത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് ഉച്ചകോടി പ്രഥമ പരിഗണന നൽകുന്നത്. ഇറാൻ ഭീഷണി നേരിടൽ, ഗൾഫ് മേഖലയിൽ സംഘർഷം കൂടുതൽ വ്യാപിക്കുന്നത് തടയാനുള്ള അടിയന്തര നടപടികൾ, ഗൾഫ് രാജ്യങ്ങളുടെ പൊതു താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സമാധാനപരമായ പരിഹാരമാർഗ്ഗങ്ങൾ തേടൽ എന്നിവയാണ് പ്രധാന അജണ്ടകൾ. ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾക്കായി ഗൾഫ് രാജ്യങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നതിനെതിരെ യോഗം ശക്തമായ നിലപാട് പ്രഖ്യാപിക്കും.
പ്രാദേശിക സുരക്ഷയ്ക്ക് പുറമെ, ആഗോള സമ്പദ്വ്യവസ്ഥയെയും ഊർജ്ജ വിപണിയെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങളും ജിസിസി ഉച്ചകോടിയുടെ പരിഗണനയ്ക്ക് വരും. ഹോർമുസ് കടലിടുക്കിലെ സമുദ്രസുരക്ഷ ഉറപ്പാക്കാനും, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാനും ഗൾഫ് രാജ്യങ്ങൾ സംയുക്തമായി തീരുമാനമെടുക്കും. സാമ്പത്തിക ഐക്യവും പ്രതിരോധ-സുരക്ഷാ സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെടുത്താൻ ഈ ഉച്ചകോടി സഹായിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ അംഗരാജ്യങ്ങളെ സഹായിക്കുന്നതിനായി സൗദി അറേബ്യ തങ്ങളുടെ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉൾപ്പെടെയുള്ള ലോജിസ്റ്റിക് സൗകര്യങ്ങൾ ലഭ്യമാക്കും.