ഗസ: ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ അസ്സാം അൽ ഹയ്യ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ അസ്സാം വ്യാഴാഴ്ചയാണ് മരിച്ചത്. ഹമാസ് നേതാവ് ബാസിം നയീം മരണവിവരം സ്ഥിരീകരിച്ചു.
കെയ്റോയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ ഈ നടപടി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മേൽനോട്ടത്തിലുള്ള ഗസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ചർച്ച ചെയ്യുന്നതിനിടെയാണ് അസ്സാം കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ഇത്തരം നടപടികൾ സമാധാന ശ്രമങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ഖലീൽ അൽ ഹയ്യ പ്രതികരിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഖലീൽ ഹയ്യയുടെ നാലാമത്തെ മകനാണ് അസ്സാം. ഇതിനുമുമ്പ് 2008-ലും 2014-ലും ഹയ്യയുടെ രണ്ട് മക്കൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ദോഹയിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ മറ്റൊരു മകനും കൊല്ലപ്പെട്ടു. ഈ സംഭവം ഗസയിലെ വെടിനിർത്തൽ ചർച്ചകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.