ബെംഗളൂരു: കർണാടകയിലെ ഭട്കൽ വെങ്കടാപുര ആൽവെക്കോടി അഴിമുഖത്ത് കക്ക വാരാൻ പോയ പത്ത് പേർ മുങ്ങി മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഏഴ് പേർ സ്ത്രീകളാണ്. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുന്നു. രക്ഷപ്പെടുത്തിയ മൂന്ന് പേരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സൂപ്രണ്ട് ദീപൻ നൽകുന്ന വിവരം അനുസരിച്ച് പെട്ടന്നുള്ള വെള്ളപ്പൊക്കമാണ് അപകടത്തിന് കാരണം.
ലക്ഷ്മി മാദേവ് നായിക്, ലക്ഷ്മി ശിവറാം നായിക്, മാലതി ജട്ടപ്പ നായിക്, മസ്തമ്മ മഞ്ജുനാഥ് നായിക്, ലക്ഷ്മി അന്നപ്പ നായിക്, ജ്യോതി നായിക്, ഉമേഷ് മഞ്ജുനാഥ് നായിക് എന്നിവരുൾപ്പെടെ പത്ത് പേരാണ് മരിച്ചത്. രാവിലെ കക്ക ശേഖരിക്കാനായി പുഴയിലേക്ക് ഇറങ്ങിയ സംഘം അപകടത്തിൽ പെടുകയായിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പുഴയിൽ ഇറങ്ങിയ സമയത്ത് ശക്തമായ വേലിയേറ്റം ഉണ്ടാവുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. തുടർന്ന്, നാട്ടുകാർ, ഫയർ ആൻഡ് റെസ്ക്യൂ ടീം, സ്കൂബ ഡൈവർമാർ, പോലീസ് എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തി.