കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണൽ ദിനത്തിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമിതമായ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണൽ ദിനത്തിൽ പടക്ക വില്പനയ്ക്കും ജില്ലയിൽ നിരോധനമുണ്ട്. വിജയഘോഷങ്ങൾ നടത്തുന്നതിന് തടസ്സമില്ലെങ്കിലും, ആഘോഷങ്ങൾ അതിരു കടന്നാൽ കർശന നടപടിയുണ്ടാകും.
ജില്ലയിലെ സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചട്ടലംഘനമില്ലെന്ന് കളക്ടർ അറിയിച്ചു. സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ട്രോങ്ങ് റൂമിന് സമീപം ലാപ്ടോപ്പ് ഉപയോഗിച്ചെന്ന പരാതിയിൽ ക്രമക്കേടുകളൊന്നും നടന്നതായി കണ്ടെത്തിയിട്ടില്ല.
പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിൻ്റെ മൊഴി ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തത്. കൊയിലാണ്ടി വരണാധികാരി സ്ട്രോങ്ങ് റൂമിനടുത്ത് എത്തിയത് പതിവ് പരിശോധനയുടെ ഭാഗമായിരുന്നെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.