കേരളം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള പ്രഖ്യാപനത്തിനായി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്. ഏഴ് ദിവസത്തെ കാത്തിരിപ്പിന് രണ്ട് ദിവസത്തിനകം വിരാമമുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ ചുമതല ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ് സംസ്ഥാന നേതാക്കൾ. ഡൽഹിയിൽ നിന്ന് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന ഫ്ലെക്സ് യുദ്ധത്തിലും ശക്തിപ്രകടനങ്ങളിലും രാഹുൽ ഗാന്ധി അതൃപ്തി രേഖപ്പെടുത്തി. കേരളത്തിലെ നേതാക്കളുമായി മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ അതൃപ്തി അറിയിച്ചത്. ഇത്തരം പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ അനൗദ്യോഗിക ആഘോഷങ്ങൾക്കും ഫ്ലെക്സ് പോരുകൾക്കും വിലക്ക് വീണു. നേതാക്കന്മാർ സംയമനം പാലിക്കാൻ അഭ്യർത്ഥിച്ചു.
ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സുകൾ അണികൾ നീക്കം ചെയ്തു തുടങ്ങി. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. സോണിയാ ഗാന്ധിയുമായും യു.ഡി.എഫ് ഘടകകക്ഷികളുമായും ചർച്ച നടത്തിയ ശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.