ഡൽഹി: കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ഇന്ന് വൈകുന്നേരം 4 മണിക്ക് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന നിർണായക യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കും. ഇന്നോ നാളെയോ അന്തിമ തീരുമാനം പുറത്തുവരുമെന്നാണ് സൂചനകൾ.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഹൈക്കമാൻഡുമായുള്ള കേരള നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. വൈകുന്നേരം 4 മണിക്കാണ് യോഗം. ആദ്യഘട്ട ചർച്ചകളിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല. പകരം, മല്ലികാർജുൻ ഖാർഗെയും ദീപാ ദാസ് മുൻഷിയും നേതാക്കളെ ഹൈക്കമാൻഡ് നിലപാടുകൾ അറിയിക്കും. അന്തിമഘട്ടത്തിലാകും രാഹുൽ ഗാന്ധി ചർച്ചകളിൽ ഇടപെടുക. ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി കേരളത്തിൽ നിന്നുള്ള നേതാക്കൾ തലേദിവസം രാത്രി തന്നെ ഡൽഹിയിൽ എത്തിയിരുന്നു. കേരള ഹൗസിൽ എത്തിയ വി.ഡി സതീശന് വലിയ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്.
മുഖ്യമന്ത്രി പദത്തിനായി കെ.സി വേണുഗോപാലും വി.ഡി സതീശനും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എഐസിസി നിരീക്ഷകർ നേരത്തെ കേരളത്തിലെത്തി എംഎൽഎമാരുമായി ചർച്ച നടത്തിയിരുന്നു. ഇതിൽ ഭൂരിഭാഗം എംഎൽഎമാരും കെ.സി വേണുഗോപാലിന്റെ പേര് നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും ദേശീയ തലത്തിൽ പാർട്ടിയുള്ള സ്വാധീനവുമാണ് കെ.സി വേണുഗോപാലിന് അനുകൂലമായ പ്രധാന ഘടകങ്ങൾ. കഴിഞ്ഞ അഞ്ചു വർഷം സർക്കാരിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷമെന്ന നിലയിൽ ശക്തമായ പോരാട്ടം നയിച്ച വി.ഡി സതീശൻ തന്നെ മുഖ്യമന്ത്രി പദത്തിന് അർഹനാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. കൂടാതെ, യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയും സതീശനുണ്ട്.