തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ആദ്യ യോഗം എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേരും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്.
മുഖ്യമന്ത്രി പദത്തിനായി പ്രധാനമായും മൂന്ന് നേതാക്കളുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവർ. ഓരോരുത്തർക്കും അവരവരുടെ അവകാശവാദങ്ങളും ഉണ്ട്. മുകുൾ വാസ്നിക്കും അജയ് മാക്കനും ഓരോ എംഎൽഎമാരെയും വെവ്വേറെ കണ്ട് അഭിപ്രായം തേടും. എംഎൽഎമാർ ആരുടെ പേരാണ് നിർദ്ദേശിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
ഹൈക്കമാൻഡ് പ്രതിനിധികൾ എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അഭിപ്രായം സ്വരൂപിച്ച ശേഷം ഡൽഹിയിലേക്ക് മടങ്ങും. തുടർന്ന് പ്രധാന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ചർച്ചകൾ നടത്തിയേക്കും. നിരീക്ഷകർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.