കേരളം: കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് ടുഡേയ്സ് ചാണക്യ എക്സിറ്റ് പോൾ ഫലം. യുഡിഎഫിന് നേരിയ മുൻതൂക്കമെന്നും പ്രവചനം. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്സ് ചാണക്യ എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. സംസ്ഥാനത്ത് ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമായ 80 സീറ്റുകൾ ഉറപ്പിക്കാനാകില്ലെന്നാണ് ഈ സർവേ പ്രവചിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന മറ്റ് എക്സിറ്റ് പോളുകൾക്ക് സമാനമായി യുഡിഎഫിന് നേരിയ മുൻതൂക്കം ലഭിക്കുമെന്നാണ് ടുഡേയ്സ് ചാണക്യയും വ്യക്തമാക്കുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ കേരളത്തിൽ ചരിത്രത്തിലാദ്യമായി രണ്ടക്കത്തിൽ സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്നതാണ് മറ്റൊരു സുപ്രധാന പ്രവചനം. സംസ്ഥാനത്ത് ഇത്തവണ ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന സൂചനയാണ് സർവേ ഫലങ്ങൾ നൽകുന്നത്. പ്രവചിക്കപ്പെടുന്ന സീറ്റ് നില ഇപ്രകാരമാണ്: യുഡിഎഫ് 60 മുതൽ 78 സീറ്റുകൾ വരെ, എൽഡിഎഫ് 55 മുതൽ 73 സീറ്റുകൾ വരെ, എൻഡിഎ 3 മുതൽ 11 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട്.
തമിഴ്നാട്ടിലും അസമിലും ഭരണത്തുടർച്ച പ്രവചിക്കുന്നു. തമിഴ്നാട്ടിൽ ഡിഎംകെ മികച്ച വിജയത്തോടെ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഡിഎംകെ 114 മുതൽ 136 സീറ്റുകൾ വരെ നേടും. കന്നിയങ്കത്തിന് ഇറങ്ങിയ നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം 52 മുതൽ 74 സീറ്റുകൾ വരെ നേടി ശക്തമായ പ്രതിപക്ഷമാകുമെന്നും സർവേ പറയുന്നു. അസമിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും. 93 മുതൽ 111 സീറ്റുകൾ വരെ ബിജെപി നേടുമെന്നും, കോൺഗ്രസ് 14 മുതൽ 32 സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് എക്സിറ്റ് പോൾ ഫലം. പശ്ചിമ ബംഗാളിലെ എക്സിറ്റ് പോൾ ഫലങ്ങൾ ടുഡേയ്സ് ചാണക്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.