ചണ്ഡീഗഢ്: കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജീവ് അറോറയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലെ അദ്ദേഹത്തിൻ്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട റെയ്ഡിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാജ ജി.എസ്.ടി. ബില്ലുകൾ നിർമ്മിച്ച് കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് പ്രധാന ആരോപണം.
ഇന്ന് രാവിലെയാണ് സഞ്ജീവ് അറോറയുമായി ബന്ധപ്പെട്ട വിവിധ ഇടങ്ങളിൽ ഇ.ഡി. പരിശോധന ആരംഭിച്ചത്. ഏകദേശം പതിനഞ്ചോളം വാഹനങ്ങളിലായാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയത്. സഞ്ജീവ് അറോറയുടെ വസതിയിലും മറ്റ് സ്ഥാപനങ്ങളിലും ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്.
സഞ്ജീവ് അറോറ തന്റെ കമ്പനി വഴി നൂറു കോടിയിലധികം രൂപയുടെ മൊബൈൽ ഫോണുകൾ വ്യാജ ജി.എസ്.ടി. ബില്ലുകൾ ഉപയോഗിച്ച് വാങ്ങി എന്നതാണ് പ്രധാന കേസ്. ഡൽഹിയിൽ പ്രവർത്തിക്കാത്ത വ്യാജ കമ്പനികളുടെ പേരിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും എക്സ്പോർട്ട് ക്രെഡിറ്റും നിർമ്മിച്ചു. ഡ്യൂട്ടി ഡ്രോബാക്കിൽ ജി.എസ്.ടി. റീഫണ്ട് നേടുന്നതിനായി നിരവധി വ്യാജ പർച്ചേസ് ബില്ലുകൾ ഉണ്ടാക്കിയതിലൂടെ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വ്യാജ ബില്ലുകളിലൂടെ ഉണ്ടാക്കിയ പണം ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കള്ളപ്പണമായി എത്തിച്ചുവെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടുകളിലൂടെ അദ്ദേഹം വ്യക്തിപരമായി വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.