കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം.
നിതിൻ രാജിന്റെ മരണത്തിൽ കേസെടുത്തത് മുതൽ ആരോപണ വിധേയരായ അധ്യാപകരായ ഡോ. റാമും സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞ ദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി പരിഗണിച്ചപ്പോൾ സംഗീത നമ്പ്യാർക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ ഡോ. റാമിന്റെ അപേക്ഷ കോടതി തള്ളി.
നിതിൻ രാജിനെതിരെ ജാതീയമായ അധിക്ഷേപമോ അപമാനമോ നടന്നതായി നിലവിൽ തെളിവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിദ്യാർത്ഥികളോടുള്ള ഡോ. റാമിന്റെ മോശം പെരുമാറ്റവും ജാതിയെ അടിസ്ഥാനമാക്കിയുള്ളതല്ല. ലോൺ ആപ്പുകാരുടെ ഭീഷണിയും, പ്രിൻസിപ്പാളിന്റെ മുറിയിലെ ചോദ്യം ചെയ്യലും, തുടർന്നുണ്ടായേക്കാവുന്ന പരാതിയെക്കുറിച്ചുള്ള ഭയവുമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിധിയിൽ പറയുന്നു. നിതിൻ രാജിനെ മറ്റ് ചിലർക്കൊപ്പം പ്രിൻസിപ്പാളിന്റെ മുറിയിൽ വെച്ച് ചോദ്യം ചെയ്യുന്ന സമയത്ത് സമീപത്ത് ഡോ. റാമിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു എന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിൽ സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ റാമിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് തലശ്ശേരി കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.