ദേശീയം: തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണി കടുത്ത ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ചു. രാവിലെ പശ്ചിമേഷ്യൻ പ്രതിസന്ധികളും ക്രൂഡ് ഓയിൽ വിലക്കയറ്റവും മൂലം വലിയ തകർച്ച നേരിട്ട സൂചികകൾ, ഉച്ചയ്ക്ക് ശേഷം ഐടി ഓഹരികളുടെ കരുത്തിലും താഴ്ന്ന നിലവാരങ്ങളിലെ ശക്തമായ വാങ്ങൽ താൽപ്പര്യത്തിലും നഷ്ടങ്ങളെല്ലാം നികത്തി പച്ചപ്പിൽ വ്യാപാരം അവസാനിപ്പിച്ചു. എങ്കിലും ഇറാൻ സംഘർഷം, ക്രൂഡ് ഓയിൽ വിലക്കയറ്റം, രൂപയുടെ മൂല്യത്തകർച്ച, ആഗോള ബോണ്ട് യീൽഡിലെ വർദ്ധനവ് എന്നിവ നിക്ഷേപകർക്കിടയിലെ ആശങ്ക പൂർണ്ണമായി മാറ്റിയിട്ടില്ല.
സൂചികകളുടെ ക്ലോസിംഗ് വില ഇങ്ങനെ ബിഎസ്ഇ സെൻസെക്സ് 77.05 പോയിന്റ് നേട്ടത്തോടെ 75,315.04 എന്ന നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ 1,134 പോയിന്റിലധികം ഇടിഞ്ഞ് 74,180 വരെ താഴ്ന്ന ശേഷമാണ് സെൻസെക്സിന്റെ ഈ തിരിച്ചുവരവ്. എൻഎസ്ഇ നിഫ്റ്റി 6.45 പോയിന്റ് നേരിയ നേട്ടത്തിൽ 23,649.95 എന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടയിൽ 23,317 വരെ നിഫ്റ്റി താഴ്ന്നിരുന്നു. ഭാരതി എയർടെൽ ഓഹരികൾ മികച്ച മുന്നേറ്റം നടത്തിയതാണ് ഇന്നത്തെ വ്യാപാരത്തിലെ പ്രധാന സവിശേഷത. എച്ച്ഡിഎഫ്സി ബാങ്കിനെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസിന് പിന്നിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള രണ്ടാമത്തെ വലിയ കമ്പനിയായി ഭാരതി എയർടെൽ മാറി. കമ്പനിയുടെ വിപണി മൂല്യം 12 ലക്ഷം കോടി രൂപയ്ക്ക് അരികിലെത്തി.
വിപണിയെ താങ്ങിനിർത്തിയത് ഐടി സൂചികയാണ്. ഐടി സൂചികയിൽ 2.43% കുതിച്ചുയർന്നു. ടെക് മഹിന്ദ്ര, ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, എച്ച്സിഎൽ ടെക് എന്നിവ മികച്ച നേട്ടമുണ്ടാക്കി. ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൻടിപിസി, ബജാജ് ഓട്ടോ എന്നിവ വലിയ വിൽപന സമ്മർദ്ദം നേരിട്ടു. നിഫ്റ്റി 50 സൂചികയുടെ പ്രതിദിന ചാർട്ട് പരിശോധിക്കുമ്പോൾ, വിപണി ഇപ്പോഴും കടുത്ത വിൽപന സമ്മർദ്ദത്തിലാണെന്ന് വ്യക്തമാകുന്നു. ഉയർന്ന നിലവാരങ്ങളിൽ നിന്നുള്ള ശക്തമായ തിരുത്തലിന് ശേഷം വിപണി ഇപ്പോൾ 23,600 – 23,700 മേഖലയ്ക്കുള്ളിൽ ഏകീകരണത്തിലാണ്. താഴ്ന്ന നിലവാരങ്ങളിൽ നിന്ന് ബുള്ളുകൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആഗോള ഘടകങ്ങൾ വിപണിയുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വിപണി 24,000 – 24,100 മേഖലകളിലേക്ക് ഉയരാൻ ശ്രമിച്ചെങ്കിലും അവിടെ ശക്തമായ വിൽപന സമ്മർദ്ദം നേരിട്ടതിനാൽ ആ വേഗത നിലനിർത്താൻ സാധിച്ചില്ല. ദീർഘകാല ‘ഡൗൺവേർഡ് ട്രെൻഡ്ലൈന്’ താഴെയാണ് ഇപ്പോഴും നിഫ്റ്റിയുടെ വ്യാപാരം. അതിനാൽ വിപണിയിലെ പൊതുവായ ട്രെൻഡ് ജാഗ്രതയോടെയുള്ള ബെയറിഷ് ആയി തുടരുന്നു.