ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) മത്സരക്രമം നിലവിലെ മാർച്ച്-മേയ് മാസങ്ങളിൽ നിന്ന് സെപ്റ്റംബർ-ഒക്ടോബർ കാലയളവിലേക്ക് മാറ്റുന്നത് പരിഗണനയിലാണെന്ന് ഐ.പി.എൽ ചെയർമാൻ അരുൺ ധുമൽ. കടുത്ത വേനൽച്ചൂടും താരങ്ങളുടെ ശാരീരികക്ഷമതയും കണക്കിലെടുത്ത് ഇത്തരമൊരു നിർദ്ദേശം ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പോർട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
നിലവിൽ മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് ഐ.പി.എൽ നടന്നു വരുന്നത്. എന്നാൽ 2028 മുതൽ മത്സരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സമയക്രമം മാറ്റുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലേക്ക് മാറ്റുകയാണെങ്കിൽ ദീപാവലി ഉൾപ്പെടെയുള്ള ഉത്സവ സീസണിലെ പരസ്യ വരുമാന സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും ധുമൽ ചൂണ്ടിക്കാട്ടി. ഏതൊരു തീരുമാനവും ലീഗിന്റെ ബ്രോഡ്കാസ്റ്റ് പങ്കാളികളുമായി വിശദമായി ചർച്ച ചെയ്ത ശേഷം മാത്രമേ കൈക്കൊള്ളുകയുള്ളൂ.
നിലവിൽ പത്ത് ടീമുകൾ പങ്കെടുക്കുന്ന ഐ.പി.എല്ലിൽ രണ്ടുമാസത്തിനുള്ളിൽ 74 മത്സരങ്ങളാണ് നടക്കുന്നത്. ഭാവിയിലെ മീഡിയ റൈറ്റ്സ് കൂടി കണക്കിലെടുത്ത് വാണിജ്യപരവും പ്രവർത്തനപരവുമായ കാര്യങ്ങൾ മുൻനിർത്തിയാണ് ടൂർണമെന്റിന്റെ സമയക്രമം പുനഃപരിശോധിക്കുന്നത്. നിലവിൽ ഇതിൽ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറും മറ്റ് ആഭ്യന്തര ടി20 ലീഗുകളും പരിഗണിച്ച് വരും വർഷങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.