കൊല്ലം: എക്സിറ്റ് പോളുകൾ അവിശ്വസനീയമാണെന്നും കേരളത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കായി ഇടതുപക്ഷം അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്ക് കേരളത്തിൽ നേട്ടമുണ്ടാകുമെന്നും സംസ്ഥാനത്ത് തൂക്കുസഭയുണ്ടാകുമെന്നുമുള്ള എക്സിറ്റ് പോൾ പ്രവചനങ്ങൾ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. കേരളത്തിലെ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വളരെ കുറഞ്ഞ സാമ്പിളുകൾ മാത്രം ശേഖരിച്ച് തയ്യാറാക്കുന്ന എക്സിറ്റ് പോൾ കണക്കുകളെ പൂർണ്ണമായും വിശ്വസിക്കാനാകില്ല. എക്സിറ്റ് പോളുകൾ പലപ്പോഴും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാറില്ല. കേരളത്തിൽ ഒരു തൂക്കുസഭയുണ്ടാകാൻ യാതൊരു സാധ്യതയുമില്ലെന്നും ബിജെപിക്ക് എക്സിറ്റ് പോളുകളിൽ പറയുന്നതുപോലുള്ള ഒരു നേട്ടവും കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ സാമ്പത്തികമായി ശ്വാസം മുട്ടിച്ചിട്ടും ക്ഷേമപെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കേരള സർക്കാരിന് സാധിച്ചു.
കൊല്ലം ജില്ലയിൽ ഇത്തവണ ഇടതുമുന്നണിക്ക് മികച്ച ഫലം ലഭിക്കുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകടിപ്പിച്ചു. കോൺഗ്രസിനകത്തെ തർക്കങ്ങളെ അദ്ദേഹം പരിഹസിച്ചു. പോസ്റ്ററുകളും ബാനറുകളും മാറ്റുന്നതും അതിലെ തർക്കങ്ങളും കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്നും അത് ഇടതുമുന്നണിയെയോ പത്രപ്രവർത്തകരെയോ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.