ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. രാഘവ് ഛദ്ദ, ഹർഭജൻ സിംഗ് എന്നിവരുൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് അരവിന്ദ് കെജ്രിവാളിനും പാർട്ടിക്കും വലിയ തിരിച്ചടിയാണ്. ഈ സംഭവത്തെ എഎപി ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ എന്ന് വിശേഷിപ്പിച്ചു.
പാർട്ടി വിടുന്നതുമായി ബന്ധപ്പെട്ട് ഏഴ് എംപിമാരും രാജ്യസഭാ അധ്യക്ഷന് കത്ത് നൽകിയിട്ടുണ്ട്. രാഘവ് ഛദ്ദ, സന്ദീപ് പാഠക്, അശോക് മിത്തൽ എന്നിവർ ഔദ്യോഗികമായി തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു. ഹർഭജൻ സിംഗ്, സ്വാതി മാലിവാൾ, രാജേന്ദ്ര ഗുപ്ത, വിക്രംജീത് സാഹ്നി എന്നിവർ പാർട്ടി വിടുമെന്ന് സൂചന നൽകി.
ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാഘവ് ഛദ്ദ ആരോപിച്ചു. ഡൽഹിയിൽ അഴിമതി തുടച്ചുനീക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ എഎപി ഇന്ന് അഴിമതിയിൽ കുളിച്ചുനിൽക്കുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ എംപിമാരുടെ കൊഴിഞ്ഞുപോക്കിന് പിന്നിൽ ബിജെപിയുടെ ‘ഓപ്പറേഷൻ താമര’യാണെന്ന് എഎപി ആരോപിച്ചു. പാർട്ടി വിട്ടവർക്കെതിരെ എഎപി നേതാവ് സഞ്ജയ് സിംഗ് രൂക്ഷ വിമർശനം ഉന്നയിച്ചു.