ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിക്കാൻ സാധ്യത. പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെയും പാചക വാതകത്തിന് 50 രൂപ വരെയും കൂട്ടാൻ അനുമതി ലഭിച്ചതായി സൂചന. പൊതുമേഖല എണ്ണ കമ്പനികൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതായാണ് വിവരം. അടുത്ത രണ്ട് ദിവസത്തിനകം തന്നെ വില വർധന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാൻ ഇടയുണ്ട്.
വില വർധനവ് പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റാൻ സാധ്യതയുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ 50 രൂപ വരെയെങ്കിലും വർധനവുണ്ടാകാൻ ഇടയുണ്ട്. വില വർധനവ് മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ സജീവമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ്, ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക് എന്നിവയിലെ ഉദ്യോഗസ്ഥർ സാധ്യമായ നടപടികളെക്കുറിച്ച് കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. അവശ്യസാധനങ്ങളല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.
രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. ആഗോളതലത്തിലുള്ള പ്രതിസന്ധികളെ നേരിടാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തവും അദ്ദേഹം അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ഉയർന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം. തിങ്കളാഴ്ച മാത്രം എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ഡോളറിലെത്തി. രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്നും ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.