ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലകൾ കുത്തനെ ഉയരുമെന്ന മാധ്യമ റിപ്പോർട്ടുകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം തള്ളി. ഇന്ധനവില വർദ്ധിപ്പിക്കുന്ന കാര്യം നിലവിൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവിലയിൽ ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർധനവുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. കൊടാക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റേതെന്ന പേരിലാണ് ഈ വാർത്ത പ്രചരിച്ചത്. എന്നാൽ ഇത്തരം മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റിദ്ധാരണാജനകമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു. വില വർധനവുമായി ബന്ധപ്പെട്ട് യാതൊരു നിർദ്ദേശങ്ങളും നിലവിലില്ല.
കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ധനവില വർദ്ധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്ന് കേന്ദ്രം പ്രസ്താവനയിൽ എടുത്തുപറഞ്ഞു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് രാജ്യത്ത് വില ഉയർത്താതിരിക്കാൻ സർക്കാരും എണ്ണക്കമ്പനികളും ശ്രമിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.