ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് ഗൗരവക്കാരായ നേതാക്കളാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ-യുഎസ് ബന്ധം ക്രമാനുഗതമായി ശക്തമാവുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റൂബിയോ, ഡൽഹിയിലെ യുഎസ് എംബസി സപ്പോർട്ട് അനെക്സ് കെട്ടിടത്തിന്റെ സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം രൂപപ്പെടുത്തുന്നതിൽ നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിന്റെ പ്രാധാന്യം റൂബിയോ എടുത്തുപറഞ്ഞു. ട്രംപിന്റെ ആദ്യ ഭരണകാലത്തെ ഇന്ത്യ സന്ദർശനത്തോടെ തുടങ്ങിയ വ്യക്തിബന്ധം അദ്ദേഹത്തിന്റെ രണ്ടാം ഭരണകാലത്തേക്കും തുടരുകയാണെന്നും നേതാക്കൾ തമ്മിലുള്ള ആത്മബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു മണിക്കൂറിലധികം നീണ്ട ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റൂബിയോ ഈ പ്രസ്താവന നടത്തിയത്. കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ അദ്ദേഹം ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ചുമതലയേറ്റ ശേഷം മാർക്കോ റൂബിയോ നടത്തുന്ന ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. നേരത്തെ കൊൽക്കത്തയിലെത്തിയ അദ്ദേഹം മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനമായ മദർ ഹൗസ് സന്ദർശിച്ച ശേഷമാണ് ഡൽഹിയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന റൂബിയോ, ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കും. നിലവിലെ യുഎസ്-ഇറാൻ സംഘർഷം, ആഗോള ഊർജ്ജ വിതരണത്തിലെ സാമ്പത്തിക പ്രത്യാഘാതങ്ങൾ, വ്യാപാര തർക്കങ്ങൾ എന്നിവ ചർച്ചകളിൽ പ്രധാന വിഷയമാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സുപ്രധാന നയതന്ത്ര നീക്കമായാണ് ഈ സന്ദർശനത്തെ നിരീക്ഷകർ കാണുന്നത്.