ഓസ്ലോ: നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിനിടെ, ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ചോദ്യം ചെയ്യാൻ ശ്രമിച്ച നോർവീജിയൻ വനിതാ മാധ്യമപ്രവർത്തകയ്ക്ക് ഇന്ത്യൻ ഉദ്യോഗസ്ഥർ ശക്തമായ മറുപടി നൽകി. ഇന്ത്യയുടെ ജനാധിപത്യ ബോധത്തെയും ആഭ്യന്തര കാര്യങ്ങളെയും ചോദ്യം ചെയ്ത മാധ്യമപ്രവർത്തകയുടെ ആവർത്തിച്ചുള്ള ഇടപെടലുകൾ ഹാളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്ജ്, മാധ്യമപ്രവർത്തകയുടെ വാദങ്ങളുടെ മുനയൊടിക്കുന്ന രീതിയിൽ മറുപടി നൽകി. മറുപടി കേട്ട് പകച്ചുപോയ മാധ്യമപ്രവർത്തക ഒരു ഘട്ടത്തിൽ ഹാൾ വിട്ട് പുറത്തുപോയെങ്കിലും പിന്നീട് തിരിച്ചെത്തി. ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും എന്തിന് വിശ്വസിക്കണം എന്ന ചോദ്യത്തിന്, ഇന്ത്യയുടെ വലിപ്പവും ചരിത്രവും ഓർമ്മിപ്പിച്ചായിരുന്നു സിബി ജോർജ്ജിന്റെ മറുപടി.
‘അറിവില്ലാത്ത എൻജിഒകളുടെ റിപ്പോർട്ട് കാട്ടി ഇന്ത്യയെ വിലയിരുത്തരുത്. ഡൽഹിയിൽ മാത്രം ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി 200-ൽ അധികം ടിവി ചാനലുകളുണ്ട്. ഇന്ത്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരനും മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ട്. അവ ലംഘിക്കപ്പെട്ടാൽ ശക്തമായ നിയമവ്യവസ്ഥ ഇവിടെയുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ പോലും സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ മടിച്ച കാലത്ത്, സ്വാതന്ത്ര്യം കിട്ടിയ ആദ്യ നിമിഷം മുതൽ ഇന്ത്യ അത് നടപ്പിലാക്കി. ജനങ്ങളുടെ അവകാശങ്ങളും മൗലികാവകാശങ്ങളും കൃത്യമായി ഉറപ്പുനൽകുന്ന ശക്തമായ ഭരണഘടനയാണ് ഇന്ത്യയുടേത്. 1947-ൽ സ്വാതന്ത്ര്യം നേടിയ അന്ന് തന്നെ നമ്മൾ സ്ത്രീകൾക്ക് വോട്ടവകാശം നൽകി. ഒരു ഭരണകൂടത്തെ വോട്ടിലൂടെ മാറ്റാനുള്ള അവകാശത്തേക്കാൾ വലിയ എന്ത് മനുഷ്യാവകാശമാണ് ഉള്ളത്? അതാണ് ഇന്ത്യയിൽ സംഭവിക്കുന്നത്, അതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു,’ സിബി ജോർജ്ജ് വ്യക്തമാക്കി. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെയും പരമാധികാരത്തെയും വിദേശ മണ്ണിൽ വെച്ച് ചോദ്യം ചെയ്യാൻ തുനിഞ്ഞ നോർവീജിയൻ മാധ്യമപ്രവർത്തകയ്ക്ക് ലഭിച്ച ഈ മറുപടി ഇപ്പോൾ ശ്രദ്ധ നേടുകയാണ്.