കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും വിവാദം. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നുള്ള രാജിക്ക് പിന്നിൽ നടൻ ടിനി ടോമാണെന്ന വെളിപ്പെടുത്തലുമായി നടി അൻസിബ ഹസൻ രംഗത്ത്. തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളാണ് ടിനി ടോം നടത്തുന്നതെന്നും, അതിനാൽ ഒന്നിച്ച് ജോലി ചെയ്യാൻ അറപ്പ് തോന്നുന്നുവെന്നും അൻസിബ പറഞ്ഞു.
ജോയിന്റ് സെക്രട്ടറിയായതു മുതൽ പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ വ്യക്തിപരമായി എടുത്ത് ടിനി ടോം തനിക്കെതിരെ മോശമായ കഥകൾ പറഞ്ഞുപരത്താൻ തുടങ്ങിയെന്നാണ് അൻസിബയുടെ ആരോപണം. നടി നീന കുറുപ്പാണ് ടിനി ടോം ഇങ്ങനെയൊക്കെ പറയുന്ന കാര്യം വിളിച്ചറിയിച്ചതെന്നും അൻസിബ പറയുന്നു.
വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് അപ്പുറം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങളും ടിനി ടോം ഉന്നയിച്ചതായി അൻസിബ വെളിപ്പെടുത്തി. ടിനി ടോമിന്റെ ഡ്രൈവറെ താൻ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പ്രചാരണം. ടിനി ടോം നീന കുറുപ്പിനെ മോശമായി തെറിവിളിക്കുകയും അടിക്കാനായി കൈ ഓങ്ങുകയും ചെയ്തു എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇത്രയും നാൾ സംഘടനയുടെ പേരുമോശമാകുമെന്നും കരിയറിനെ ബാധിക്കുമെന്നും ഭയന്നാണ് മിണ്ടാതിരുന്നത്. വ്യക്തിഹത്യയുടെ പരിധി ലംഘിച്ചപ്പോഴാണ് രാജി വെക്കാൻ തീരുമാനിച്ചതെന്നും രാജിക്ക് പിന്നിലെ കാരണം ടിനി ടോം ആണെന്ന് മുതിർന്ന അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അൻസിബ കൂട്ടിച്ചേർത്തു.