കോട്ടയം: കേരളത്തിലെ നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാഴ്ത്തി അതിഥി തൊഴിലാളികളെ ട്രെയിൻ മാർഗ്ഗം കടത്തുന്ന വൻ മാഫിയാ സംഘങ്ങൾ പിടിമുറുക്കുന്നു. കെട്ടിട നിർമ്മാണ കമ്പനികളും കരാറുകാരും സ്വന്തം ചെലവിൽ ടിക്കറ്റും യാത്രാചെലവും നൽകി കൊണ്ടുവരുന്ന തൊഴിലാളികളെയാണ് കേരള അതിർത്തി കടക്കും മുൻപ് ചെന്നൈ, മംഗളൂരു സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മാഫിയ സംഘങ്ങൾ റാഞ്ചുന്നത്.
സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന കടുത്ത തൊഴിലാളി ക്ഷാമം മറികടക്കാനായി കരാറുകാർ മേസ്ത്രിമാർ വഴി പണം മുൻകൂറായി നൽകിയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പണിക്കാരെ എത്തിക്കുന്നത്. എന്നാൽ ട്രെയിനിൽ കയറുന്ന തട്ടിപ്പ് ഏജന്റുമാർ കൂടുതൽ പണിക്കൂലി വാഗ്ദാനം ചെയ്ത് ഇവരെ വഴിയിൽ വെച്ച് ഇറക്കിക്കൊണ്ടുപോകുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ മാത്രമാണ് തങ്ങളുടെ കൂടെയുള്ളവർ ചോർന്നുപോയ വിവരം മേസ്ത്രിമാർ അറിയുന്നത്. അടുത്തിടെ 200 പേരുടെ വലിയൊരു സംഘവുമായി പുറപ്പെട്ട മേസ്ത്രിക്ക് കേരളത്തിൽ ഇറങ്ങാൻ കഴിഞ്ഞത് വെറും 10–20 തൊഴിലാളികളുമായി മാത്രമാണെന്ന് ബിൽഡേഴ്സ് അസോസിയേഷൻ കേരള ചെയർമാൻ സതീഷ് കുമാർ വ്യക്തമാക്കുന്നു.
മൺസൂൺ കാലത്ത് പണി ദിനങ്ങൾ കുറയുന്നതിനാലും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലവും നിലവിലുള്ള കൂലിയേക്കാൾ വെറും 100 രൂപ കൂടുതൽ വാഗ്ദാനം ചെയ്താൽ പോലും തൊഴിലാളികൾ ഈ ഏജന്റുമാരുടെ കെണിയിൽ വീണുപോകുന്നു.