ഭുവനേശ്വർ: ഇന്ത്യയുടെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ‘അഗ്നി-1’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടന്നത്. രാജ്യത്തിന്റെ തന്ത്രപ്രധാന ആണവായുധ ശേഖരത്തിന്റെ ചുമതലയുള്ള സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡിന്റെ മേല്‍നോട്ടത്തിലാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
മിസൈല്‍ സംവിധാനത്തിന്റെ എല്ലാ പ്രവര്‍ത്തനപരവും സാങ്കേതികവുമായ മാനദണ്ഡങ്ങളും ഈ വിക്ഷേപണത്തിലൂടെ വിജയകരമായി വിലയിരുത്തി. നിശ്ചയിച്ച പാതയിലൂടെ സഞ്ചരിച്ച മിസൈല്‍ അതീവ കൃത്യതയോടെ തന്നെ ലക്ഷ്യസ്ഥാനത്ത് പതിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 700 മുതല്‍ 900 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള അഗ്നി-1, ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒറ്റഘട്ട മിസൈലാണ്. റോഡ് മാര്‍ഗ്ഗം എളുപ്പത്തില്‍ വിന്യസിക്കാന്‍ കഴിയുന്ന ഈ സംവിധാനത്തിന് ആയിരം കിലോ ഗ്രാം വരെ ഭാരമുള്ള പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും വഹിക്കാന്‍ ശേഷിയുണ്ട്.
ഇന്ത്യയുടെ വിശ്വസനീയമായ പ്രതിരോധ ശേഷിയുടെ ഭാഗമായ അഗ്നി-1 മിസൈലിന്റെ ഈ പരീക്ഷണം സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡിന്റെ സന്നദ്ധതയെ കൂടി അടിവരയിടുന്നതാണ്. 2004-ല്‍ ഇന്ത്യന്‍ സായുധ സേനയുടെ ഭാഗമായ ഈ മിസൈല്‍ സംവിധാനം, മേഖലയിലെ ലക്ഷ്യങ്ങള്‍ക്കെതിരെ അതിവേഗത്തിലും കൃത്യതയോടെയും പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (DRDO) വികസിപ്പിച്ചെടുത്ത അഗ്നി ശ്രേണിയിലെ പ്രധാന മിസൈലുകളിലൊന്നാണ് അഗ്നി-1.