ജാംനഗർ: ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിന് കരുത്തുപകരാൻ ലക്ഷ്യമിട്ട് റിലയൻസ് ഇൻഡസ്ട്രീസും മെറ്റയും കൈകോർക്കുന്നു. ഗുജറാത്തിലെ ജാംനഗറിൽ 168 മെഗാവാട്ട് ശേഷിയുള്ള അത്യാധുനിക എഐ (AI) പവേർഡ് ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു. മെറ്റയുടെ ഇന്ത്യയിലെ ആദ്യത്തെ ‘ബിൽറ്റ്-ടു-സ്യൂട്ട്’ ഡാറ്റാ സെന്റർ എന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്.
രണ്ടു വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന ഈ കേന്ദ്രം, മെറ്റയുടെ ആഗോള എഐ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിർണായക പങ്കുവഹിക്കും. പദ്ധതിയുടെ ഭാഗമായി റിലയൻസ് ഈ കേന്ദ്രം നിർമ്മിച്ച് നൽകുകയും മെറ്റ അത് പാട്ടത്തിനെടുക്കുകയുമാണ് ചെയ്യുക. ഭാവിയിൽ സൗകര്യങ്ങൾ വിപുലീകരിക്കാനുള്ള ഓപ്ഷനും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുനരുപയോഗ ഊർജ്ജം ഉപയോഗിച്ചും കടൽവെള്ളം ശുദ്ധീകരിച്ച് തണുപ്പിക്കുന്നതിനായി ഉപയോഗിച്ചും തികച്ചും പരിസ്ഥിതി സൗഹൃദമായാണ് ഈ ഡാറ്റാ സെന്റർ ഒരുക്കുന്നത്.
ഈ പങ്കാളിത്തം ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിലെ വലിയ നാഴികക്കല്ലാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ആഗോള എഐ വിപ്ലവത്തിൽ ഇന്ത്യയുടെ മുന്നേറ്റം തെളിയിക്കുന്നതാണ് ഈ പദ്ധതിയെന്നും, ലോകത്തിന് തന്നെ മാതൃകയാകുന്ന അത്യാധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗും സംരംഭത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ജാംനഗറിലെ ഈ സൗകര്യം മെറ്റയുടെ എഐ പ്രവർത്തനങ്ങളെ ആഗോളതലത്തിൽ ശക്തിപ്പെടുത്തുമെന്നും, ഇന്ത്യയിലെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലുള്ള മെറ്റയുടെ ദീർഘകാല നിക്ഷേപത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണക്റ്റിവിറ്റി, വാണിജ്യം തുടങ്ങിയ മേഖലകളിൽ ഇതിനകം തന്നെ സജീവമായ റിലയൻസ്-മെറ്റ കൂട്ടുകെട്ടിന് ഈ പുതിയ കരാർ കൂടുതൽ കരുത്ത് പകരും.