വാഷിംഗ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റർ തകർത്തതിന് പിന്നാലെ, ഇറാനെതിരെ വ്യോമാക്രമണത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. യുഎസ് സൈന്യത്തിന്റെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ്, യുഎസ് സെൻട്രൽ കമാൻഡ് ഇറാനിലെ വിവിധ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ശക്തമായ പ്രത്യാക്രമണം ആരംഭിച്ചത്. സ്വയംരക്ഷയുടെ ഭാഗമായാണ് നടപടിയെന്നും, ഇറാന്റെ അനാവശ്യ പ്രകോപനത്തിനുള്ള കൃത്യമായ മറുപടിയാണിതെന്നും യുഎസ് സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ നിരീക്ഷണം നടത്തുകയായിരുന്ന ഹെലികോപ്റ്റർ ഇറാന്റെ ഡ്രോൺ ആക്രമണത്തിലാണ് തകർന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അത്യാധുനിക സമുദ്ര ഉപരിതല ഡ്രോൺ ഉപയോഗിച്ചാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും യുഎസ് നാവികസേന സുരക്ഷിതമായി കരയിലെത്തിച്ചത്. പൈലറ്റുമാർക്ക് ഗുരുതരമായ പരിക്കുകളില്ലെന്ന് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് അറിയിച്ചു. സംഭവത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന കാര്യം പൂർണ്ണമായി നിഷേധിക്കാത്ത ഇറാൻ, മേഖലയിൽ വിദേശ സൈന്യത്തിന്റെ സാന്നിധ്യം തന്നെ വലിയ അപകടമാണെന്ന് പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് ഇറാനും ഒമാനും പങ്കിടുന്ന പ്രദേശമാണെന്നും അതിർത്തി ലംഘിക്കുന്ന ഏത് നീക്കത്തിനും തിരിച്ചടി നൽകുമെന്നും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്കിന്റെ വടക്കൻ അതിർത്തിയിലുള്ള ഹോർമോസ്ഗാൻ പ്രവിശ്യയിലെ കുഹെസ്തക്, സിറിക്, മിനാബ് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയിട്ടുണ്ട്. അതേസമയം, ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഇറാൻ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വഷളായതോടെ ആഗോളതലത്തിൽ ആശങ്ക വർദ്ധിക്കുകയാണ്.