വാഷിങ്ടൺ: ചരിത്രത്തിലാദ്യമായി ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ യോഗ്യത നേടിയ സൊമാലിയൻ റഫറി ഒമർ അബ്ദുൽഖാദിർ അർതാന് 2026-ലെ ഫിഫ ലോകകപ്പ് നഷ്ടമാകും. അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഫിഫയുടെ ഔദ്യോഗിക മാച്ച് ഒഫീഷ്യലുകളുടെ പട്ടികയിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കി. 2025-ലെ ആഫ്രിക്കൻ ഫുട്ബോളിലെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട അർതാനെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് യു.എസ് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞത്. നിലവിൽ ഇദ്ദേഹം തുർക്കിയിലെ ഇസ്താംബൂളിലാണുള്ളത്.
തങ്ങൾക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അർതാന് പ്രവേശനം നിഷേധിച്ചതെന്ന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വ്യക്തമാക്കി. വിമാനത്താവളത്തിൽ വെച്ച് അർതാനെ തിരിച്ചയച്ചതിന് വ്യക്തമായ ഔദ്യോഗിക കാരണം വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല. നയതന്ത്ര പാസ്പോർട്ട് ഉൾപ്പെടെയുള്ള കൃത്യമായ യാത്രാരേഖകളും വിസയും ഉണ്ടായിരുന്നിട്ടും മികച്ചൊരു കായികതാരത്തെ തടഞ്ഞുവെച്ചതിൽ സൊമാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയെയും യു.എസ് അധികൃതരെയും ശക്തമായ പ്രതിഷേധം അറിയിച്ചു. യു.എസിൽ പ്രവേശിക്കാൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കാനോ മത്സരങ്ങൾ നിയന്ത്രിക്കാനോ അർതാന് കഴിയില്ലെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.
വിസ അനുവദിക്കുന്നതും രാജ്യത്തേക്ക് പ്രവേശനം നൽകുന്നതും പൂർണ്ണമായും ആതിഥേയ രാജ്യത്തിന്റെ പരമാധികാര തീരുമാനമാണെന്നും അതിൽ ഇടപെടാൻ ഫിഫയ്ക്ക് അധികാരമില്ലെന്നും ഫിഫ വക്താവ് വ്യക്തമാക്കി. 2018 മുതൽ ഫിഫ പാനലിലുള്ള അർതാൻ, ലോകകപ്പ് നിയന്ത്രിക്കാൻ തിരഞ്ഞെടുത്ത 52 പ്രധാന റഫറിമാരിൽ ഒരാളായിരുന്നു. സൊമാലിയൻ കായികരംഗത്തിന് വലിയ പ്രചോദനമാകേണ്ടിയിരുന്ന ഈ ചരിത്ര നിമിഷം ഇല്ലാതായത് കായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഫുട്ബോളിന്റെ നിഷ്പക്ഷതയ്ക്കും കായിക ധർമ്മത്തിനും വിരുദ്ധമാണ് ഈ നടപടിയെന്ന് സൊമാലിയൻ കായിക മന്ത്രാലയം കുറ്റപ്പെടുത്തി. മുൻപ് ഇറാൻ ടീമിന്റെ സപ്പോർട്ട് സ്റ്റാഫുകൾക്കും സ്വിസ് താരം ബ്രീൽ എംബോളോയ്ക്കും വിസ സംബന്ധിച്ച സമാനമായ പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു.