തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വയനാട് ജില്ലയിൽ ആരോഗ്യമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനും സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുന്നതിനുമായാണ് മന്ത്രിയുടെ സന്ദർശനം.
നിലവിൽ 25 കുട്ടികളാണ് രോഗബാധയെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. രോഗമുക്തി നേടി ആശുപത്രി വിട്ട കുട്ടികളുടെ വീടുകളിൽ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണം നടത്തും. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ആർക്കെങ്കിലും ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ തുടർപരിശോധനകൾ സംഘടിപ്പിക്കും.
സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കാൻ ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലകളിലെ ഡി.എം.ഒമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത തട്ടുകടകൾക്കും ഹോട്ടലുകൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പൊതുജനങ്ങൾ ഭക്ഷണകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.