കൊച്ചി: ജൂൺ 19-ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വലിയ പ്രതീക്ഷകളാണ് ടൂറിസം മേഖല പുലർത്തുന്നത്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന ടൂറിസം മേഖലയ്ക്ക് മുൻഗണന നൽകുന്നത് സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനും സഹായകരമാകും. കൊച്ചിയെ സംബന്ധിച്ചിടത്തോളം ടൂറിസം വികസനത്തിനായി സമഗ്രമായ പാക്കേജുകളും മാസ്റ്റർ പ്ലാനും അനിവാര്യമാണെന്ന ആവശ്യം ശക്തമാണ്.
ഫോർട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി നിരവധി നിർദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ചരിത്രപരമായ പ്രാധാന്യമുള്ള ഡച്ച് സെമിത്തേരി, ഡച്ച് ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചാരികൾക്കായി കൃത്യമായ വിവരങ്ങൾ നൽകുന്ന സൈൻ ബോർഡുകൾ സ്ഥാപിക്കണം. കൂടാതെ, പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്ഥിരം വേദികൾ ഒരുക്കുന്നതും കടൽത്തീരങ്ങളിൽ മ്യൂസിക് ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നതും ടൂറിസം വികസനത്തിന് മുതൽക്കൂട്ടാകും. വാട്ടർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ജലഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വാട്ടർ മെട്രോ സർവീസ് വിപുലീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
നശിച്ചുകൊണ്ടിരിക്കുന്ന ഫോർട്ട് കൊച്ചി ബീച്ച് സംരക്ഷിക്കാൻ കൂടുതൽ പുലിമുട്ടുകൾ നിർമ്മിക്കുകയും ബീച്ചും പരിസരവും മാലിന്യമുക്തമാക്കുകയും വേണം. കടമക്കുടി, കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ പ്രദേശങ്ങളിൽ വില്ലേജ് ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കും. ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പാക്കാൻ കൊച്ചി കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ കൊതുക് നിവാരണത്തിനും തെരുവുനായ നിയന്ത്രണത്തിനും ഉൾപ്പെടെയുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ഈ രംഗത്തുള്ളവർ ആവശ്യപ്പെടുന്നു.