സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ആഗോള സാമ്പത്തിക രംഗത്ത് ജി7 രാജ്യങ്ങളുടെ കൂട്ടായ്മയെ പിന്തള്ളി ബ്രിക്സ് സഖ്യം കരുത്താര്‍ജ്ജിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചാ കേന്ദ്രം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും, വരും നാളുകളില്‍ ഈ സാമ്പത്തിക വിടവ് ഇനിയും വര്‍ദ്ധിക്കുമെന്നും പുതിന് നിരീക്ഷിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കുകള്‍ നിരത്തിയാണ് അദ്ദേഹം ഇക്കാര്യം സമര്‍ത്ഥിച്ചത്. ഈ കാലയളവിലെ ആഗോള ജിഡിപി വളര്‍ച്ചയുടെ 49 ശതമാനവും സംഭാവന ചെയ്തത് ബ്രിക്സ് രാജ്യങ്ങളാണ്. അതേസമയം, ജി7 രാജ്യങ്ങളുടെ വിഹിതം വെറും 18 ശതമാനമായി ചുരുങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരും വര്‍ഷങ്ങളില്‍ ജി7 രാജ്യങ്ങളുടെ ശരാശരി വളര്‍ച്ചാ നിരക്ക് പരമാവധി 1.1 ശതമാനം മാത്രമായിരിക്കുമെന്നിരിക്കെ, ബ്രിക്സ് സഖ്യം 4 ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രവചനം. 2020-ല്‍ തന്നെ സാമ്പത്തിക വലുപ്പത്തില്‍ ബ്രിക്സ് ജി7-നെ പിന്നിലാക്കിയിരുന്നു. നിലവില്‍ ആഗോള കയറ്റുമതിയുടെ 20 ശതമാനവും നിയന്ത്രിക്കുന്നത് ബ്രിക്സ് സഖ്യമാണ്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര വ്യാപാരം പ്രതിവര്‍ഷം 1 ട്രില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിട്ടതായും അദ്ദേഹം വ്യക്തമാക്കി.
ബ്രിക്സ് സഖ്യത്തിന്റെ വളര്‍ച്ച യുഎസ് ഡോളറിന്റെ മേധാവിത്വത്തിന് ഭീഷണിയാണെന്ന വിലയിരുത്തലുകളും, അംഗരാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും ചര്‍ച്ചയാകുന്നതിനിടയിലാണ് പുതിന്റെ പ്രതികരണം. റഷ്യയുടെ പ്രധാന പങ്കാളിയായി ഇന്ത്യയെ വിശേഷിപ്പിച്ച പുതിന്, ആഗോള സോഫ്റ്റ്വെയര് വിപണിയിലും വിവരസാങ്കേതിക വ്യവസായ രംഗത്തും ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രത്യേകം പ്രകീര്‍ത്തിച്ചു. നിലവില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ സ്ഥാപക രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്, യുഎഇ എന്നീ രാജ്യങ്ങളും ബ്രിക്സ് സഖ്യത്തിന്റെ ഭാഗമാണ്. 2026-ലെ ബ്രിക്സ് കൂട്ടായ്മയുടെ അധ്യക്ഷപദവി ഇന്ത്യയ്ക്കാണ്.