ഗുരുവായൂർ: വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ചെലവില്‍ വലിയ വര്‍ധനവുണ്ടായതായി ക്രിസില്‍ ഇന്റലിജന്‍സിന്റെ പുതിയ ‘റൊട്ടി റൈസ് റേറ്റ്’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മെയ് മാസത്തിലെ കണക്കുകൾ പ്രകാരം, ഒരു വെജിറ്റേറിയന്‍ താലിയുടെ വിലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനവും, നോണ്‍-വെജിറ്റേറിയന്‍ താലിക്ക് 7 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയത്. തക്കാളി, സസ്യ എണ്ണ, എല്‍പിജി സിലിണ്ടറുകള്‍ എന്നിവയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം സാധാരണക്കാരുടെ അടുക്കള ബജറ്റിനെ സാരമായി ബാധിച്ചിരിക്കുകയാണ്.
വിലക്കയറ്റത്തിന് പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് തക്കാളിയുടെ വിലവർധനവാണ്. കഴിഞ്ഞ വര്‍ഷം 23 രൂപയായിരുന്ന തക്കാളിയുടെ വില മെയ് മാസത്തില്‍ 57 ശതമാനം വര്‍ധിച്ച് 36 രൂപയിലെത്തി. ഉല്‍പ്പാദനത്തിലുണ്ടായ കുറവും പ്രതികൂല കാലാവസ്ഥയുമാണ് ഇതിന് കാരണമായത്. ഇതിനുപുറമെ, ആഗോള വിതരണ തടസ്സങ്ങള്‍ കാരണം സസ്യ എണ്ണ വിലയില്‍ 8 ശതമാനവും, എല്‍പിജി വിലയില്‍ 7 ശതമാനവും വര്‍ധനവുണ്ടായി. മാംസാഹാര വിഭവങ്ങളുടെ കാര്യത്തിൽ, ബ്രോയിലര്‍ കോഴിയുടെ വില 9 ശതമാനം ഉയര്‍ന്നത് നോണ്‍-വെജിറ്റേറിയന്‍ താലിയുടെ ചെലവ് വര്‍ധിപ്പിച്ചു.
അതേസമയം, ആശ്വാസകരമായ ചില ഘടകങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഉള്ളി (6%), ഉരുളക്കിഴങ്ങ് (14%), പയര്‍വര്‍ഗ്ഗങ്ങള്‍ (2%) എന്നിവയുടെ വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍തലത്തിലുള്ള ഇടപെടലുകളും കരുതൽ ശേഖരത്തിന്റെ ലഭ്യതയും പയര്‍വര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിച്ചു. എങ്കിലും, വരും മാസങ്ങളിലും അടുക്കള ബജറ്റിലെ പ്രതിസന്ധി തുടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വേനല്‍ക്കാലത്തെ ഉല്‍പ്പാദനക്കുറവ് മൂലം തക്കാളി വില ഉയര്‍ന്ന നിലയില്‍ തുടരാനും, സീസൺ മാറ്റങ്ങൾക്കനുസരിച്ച് മറ്റ് അവശ്യ സാധനങ്ങളുടെ വിലയിൽ വ്യത്യാസങ്ങൾ വരാനും സാധ്യതയുണ്ട്.