തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കി. നിലവിൽ സംസ്ഥാനത്തിന്റെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളത്തിനും പെൻഷനും പലിശ തിരിച്ചടവിനുമായാണ് ചെലവഴിക്കുന്നത്. ജിഎസ്ഡിപിയുടെ 1.3 ശതമാനം മാത്രമാണ് മൂലധന ചെലവുകൾക്കായി വകയിരുത്തുന്നത് എന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൂചിപ്പിക്കുന്നത്. കടം വാങ്ങി നിക്ഷേപം നടത്തി വരുമാനം കണ്ടെത്തുന്നതിന് പകരം, കടം വാങ്ങി ദൈനംദിന ചെലവുകൾ നടത്തുന്ന രീതി അപകടകരമാണെന്നും കിഫ്ബി വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ടെന്നും ധവളപത്രത്തിൽ പരാമർശിക്കുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നിരവധി നിർദേശങ്ങളാണ് ധവളപത്രം മുന്നോട്ടുവെക്കുന്നത്. വിരമിക്കൽ പ്രായം ഉയർത്തുക, കേന്ദ്ര മാതൃകയിൽ ശമ്പള പരിഷ്കരണം നടപ്പാക്കുക, സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക, കിഫ്ബിയെ ബജറ്റ് നിയന്ത്രണത്തിലാക്കുക, ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ പുനഃസംഘടന അനിവാര്യമാണെന്നും സപ്ലൈകോയും ബെവ്കോയും ലയിപ്പിക്കണമെന്നും നിർദേശമുണ്ട്. കെഎസ്ഇബിയെ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കാനും സബ്സിഡികൾ അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകാനും ധവളപത്രം ശുപാർശ ചെയ്യുന്നു.
അതേസമയം, ധവളപത്രം പുറത്തിറക്കിയതിനെതിരെ മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്തെത്തി. ധവളപത്രം പുറത്തിറക്കുന്നത് നല്ലതാണെങ്കിലും, ധനകാര്യ വകുപ്പിന്റെ ഓഡിറ്റ് ചെയ്യാത്ത രഹസ്യരേഖകൾ പരസ്യമാക്കുന്നത് സർക്കാരിന്റെ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം വിമർശിച്ചു. മുൻകാലങ്ങളിൽ ധനകാര്യ വകുപ്പ് വഴി കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ധവളപത്രങ്ങൾ പുറത്തിറക്കിയിരുന്നത്. എന്നാൽ, ഇത്തവണ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവരങ്ങളാണ് പങ്കുവെച്ചിരിക്കുന്നതെന്നും ഇത്തരം നടപടികൾ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി. 2011-ലും 2016-ലും ധനകാര്യ വകുപ്പ് നേരിട്ടാണ് ധവളപത്രം പുറത്തിറക്കിയിരുന്നത് എന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.