ഗുരുവായൂർ: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയായും, ഗ്രാമിന് 10 രൂപ കുറഞ്ഞ് 14,310 രൂപയായും വില നിജപ്പെടുത്തി. 18 കാരറ്റ് സ്വർണവിലയിലും സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 11,760 രൂപയും പവന് 94,080 രൂപയുമാണ് വിപണിയിലെ വില. വെള്ളി ഗ്രാമിന് 280 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ നേരിയ വർധന പ്രകടമാണ്. ട്രോയ് ഔൺസിന് 32.73 ഡോളർ ഉയർന്ന് 4,471.59 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഇത് 0.74 ശതമാനത്തിന്റെ വർധനയാണ്. ജൂൺ ഒന്നു മുതൽ സ്വർണവിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. പശ്ചിമേഷ്യൻ സംഘർഷങ്ങളും അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടവുമാണ് സംസ്ഥാനത്തെ വിപണിയിൽ പ്രതിഫലിക്കുന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വം, അമേരിക്കൻ ഡോളറിന്റെ മൂല്യം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ, പണപ്പെരുപ്പം, കേന്ദ്ര ബാങ്കുകളുടെ സ്വർണശേഖരണം തുടങ്ങിയ ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം, ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ഈ നിരക്കിനേക്കാൾ കൂടുതൽ തുക ഉപഭോക്താക്കൾ നൽകേണ്ടി വരും. അടിസ്ഥാന വിലയോടൊപ്പം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും, സ്വർണത്തിനും പണിക്കൂലിക്കും കൂടി മൂന്ന് ശതമാനം ജി.എസ്.ടിയും, 45 രൂപ ഹാൾമാർക്കിങ് ചാർജും ചേർത്താണ് വിൽപന നടക്കുന്നത്. ആഭരണങ്ങളുടെ ഡിസൈൻ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാനും അതുവഴി അന്തിമ വിലയിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.