വാഷിംഗ്ടൺ: ആഗോള വ്യാപാര രംഗത്തെയും ഇന്ത്യൻ കയറ്റുമതി മേഖലയെയും പ്രതിസന്ധിയിലാക്കിക്കൊണ്ട് ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ കടുത്ത നടപടികളുമായി അമേരിക്ക. യുഎസിന്റെ നിർബന്ധിത തൊഴിൽ ചൂഷണ നയങ്ങൾക്കനുസൃതമായി ഇറക്കുമതി നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് പുതിയ അധിക നികുതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 12.5 ശതമാനം അധിക നികുതി ചുമത്താനാണ് അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കം.
അമേരിക്കയുടെ വ്യാപാര പങ്കാളികളായ രാജ്യങ്ങൾ നിർബന്ധിത തൊഴിൽ ചൂഷണത്തിലൂടെ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ പരാജയപ്പെടുന്നുവെന്നും, ഇത് അമേരിക്കൻ തൊഴിലാളികൾക്ക് ആഗോളതലത്തിൽ വലിയ അസമത്വം സൃഷ്ടിക്കുന്നുവെന്നുമാണ് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് അംബാസഡർ ജാമിസൺ ഗ്രീർ വ്യക്തമാക്കിയത്. അമേരിക്കയുടെ ‘സെക്ഷൻ 301’ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതിൻപ്രകാരം രാജ്യങ്ങളെ രണ്ട് തട്ടുകളായി തിരിച്ചാണ് നികുതി ചുമത്തുന്നത്. നിർബന്ധിത തൊഴിൽ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, സ്വിറ്റ്സർലൻഡ് എന്നീ 54 രാജ്യങ്ങൾക്ക് 12.5 ശതമാനം അധിക നികുതി ബാധകമാകും. ചൂഷണങ്ങൾക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിച്ചിട്ടുള്ള കാനഡ, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ, തായ്വാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് 10 ശതമാനം നികുതി ചുമത്താനാണ് തീരുമാനം.
നേരത്തെ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള നികുതികൾ കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരമായി നിയമപരമായി കൂടുതൽ ശക്തമായ ‘സെക്ഷൻ 301’ വഴിയാണ് പുതിയ നികുതി ഘടന നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്. നിലവിലുള്ള താൽക്കാലിക നികുതികൾ ജൂലൈ മാസത്തിൽ അവസാനിക്കുന്നതോടെ പുതിയ നികുതികൾ പ്രാബല്യത്തിൽ വരുത്താനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഈ തീരുമാനം വരുംദിവസങ്ങളിൽ ആഗോള വിപണിയിലും ഇന്ത്യൻ കയറ്റുമതി മേഖലയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.