ഓക്ക്ലന്‍ഡ്: വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് അഭിമാനമായി രണ്ട് യുവതാരങ്ങളുടെ സാന്നിധ്യം. ഖത്തര്‍ ദേശീയ ടീമിന്റെ ഭാഗമായ മലയാളി താരം തഹ്സിന് മുഹമ്മദ് ജംഷീദും, ന്യൂസീലന്‍ഡ് മധ്യനിരയിലെ കരുത്തനായ സര്‍പ്രീത് സിങ്ങുമാണ് ലോകകപ്പിന്റെ വലിയ വേദിയില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ തിളക്കമായി മാറുന്നത്. ഇതിനുമുന്‍പ് 2006-ലെ ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി കളിച്ച വികാഷ് ദൊരാസൂവാണ് ഇന്ത്യന്‍ വേരുകളുള്ള ആദ്യ താരമായി ചരിത്രത്തില്‍ ഇടംപിടിച്ചത്. നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യന്‍ പാരമ്പര്യമുള്ള രണ്ട് കളിക്കാര്‍ ഒരേ ലോകകപ്പില്‍ പന്തുതട്ടാന്‍ ഒരുങ്ങുന്നത്.
ന്യൂസീലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ പലചരക്ക് വ്യാപാരം നടത്തുന്ന പഞ്ചാബി കുടുംബത്തില്‍ 1999 ഫെബ്രുവരി 20-നാണ് സര്‍പ്രീത് സിങ് ജനിച്ചത്. കായിക അന്തരീക്ഷത്തില്‍ വളര്‍ന്ന സര്‍പ്രീത്, കുട്ടിക്കാലത്ത് ക്രിക്കറ്റിലും ബാസ്കറ്റ്ബോളിലും സജീവമായിരുന്നെങ്കിലും ഒടുവില്‍ ഫുട്ബോളിനെ തന്റെ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. മകന്റെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ അമ്മ ശരണ്‍ജിത് വലിയ പിന്തുണയാണ് നല്‍കിയത്. കൃത്യമായ പരിശീലനവും വ്യക്തിഗത കോച്ചിങ്ങും ഉറപ്പാക്കി തന്നെ വളര്‍ത്തിയതില്‍ അമ്മയ്ക്കുള്ള പങ്ക് താരം പലപ്പോഴും എടുത്തുപറയാറുണ്ട്. ഫുട്ബോള്‍ താരമാണെങ്കിലും ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന് ടെണ്ടുല്‍ക്കറുടെയും വിരാട് കോലിയുടെയും കടുത്ത ആരാധകന് കൂടിയാണ് 27-കാരനായ സര്‍പ്രീത്.
പതിനാറാം വയസ്സില്‍ വെല്ലിങ്ടണ്‍ ഫീനിക്സ് എഫ്.സിയിലൂടെ പ്രൊഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച സര്‍പ്രീത്, 2018-19 സീസണിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടര്‍ന്ന് 2019-ലെ അണ്ടര്‍-20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിലേക്കുള്ള വഴിതുറന്നു. ഇതോടെ ബയേണ്‍ മ്യൂണിക്കിന് വേണ്ടി ബൂട്ട് കെട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന ഖ്യാതിയും, ജര്‍മ്മന്‍ ബുണ്ടസ്ലിഗയില് കളിക്കുന്ന രണ്ടാമത്തെ ന്യൂസീലന്‍ഡ് താരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. പിന്നീട് ജര്‍മ്മനി, പോര്‍ച്ചുഗല്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പ്രമുഖ ക്ലബ്ബുകള്‍ക്കായും താരം കളത്തിലിറങ്ങി. 2018 മാര്‍ച്ചില്‍ കാനഡയ്ക്കെതിരായ മത്സരത്തിലൂടെ ന്യൂസീലന്‍ഡിന്റെ സീനിയര്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച സര്‍പ്രീത്, മുംബൈയില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. പാരീസ് ഒളിമ്പിക്സിലും ന്യൂസീലന്‍ഡ് ടീമിന്റെ പ്രധാന കരുത്തായിരുന്ന ഈ മധ്യനിര താരം, വരാനിരിക്കുന്ന ലോകകപ്പിലും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.